കോഴിക്കോട്: എലത്തൂരിലെ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്തത് ഒറ്റയ്ക്കായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. പൊലീസ്, ഇതുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു.
ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ട് മാത്രമാണ് ഷാറൂഖിന് സ്വന്തമായുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. റിമാന്റ് റിപ്പോര്‍ട്ടിൽ സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പറയുന്നു. ഷാറൂഖ് തന്നെയാണ് മൂന്ന് പേരുടെ മരണത്തിന് പിന്നിലെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു. ഇന്ന് പ്രതിയെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ഡൽഹിയിലുള്ള കേരള പൊലീസ് കേസിൽ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആറ് കേരളാ പൊലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്.
ഷാറൂഖ് സെയ്ഫിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് നിലവിൽ ശേഖരിക്കുന്നത്. ഇതിനു പുറമേ കേരള പൊലീസിന് ഷാറൂഖ് നൽകിയ മൊഴിയിൽ ഡൽഹിയിലെ പ്രതിയുടെ നീക്കത്തെ കുറിച്ചുള്ള വിവരങ്ങൾ ശരിയാണോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.