കട്ടപ്പന: സ്വച്ച് ഭാരത് മിഷൻറെയും, മാലിന്യ മുക്ത നവകേരളം പദ്ധതിയുടെയും ഭാഗമായി കട്ടപ്പന നഗരസഭയിൽ ‘മേരി ലൈഫ് മേരാ സ്വച്ച് ഷഹർ ‘ (എൻറെ ജീവിതം എൻറെ വൃത്തിയുള്ള നഗരം) ക്യാമ്പയിന് തുടക്കം കുറിച്ചു. ക്യാമ്പയിന്റെ ഭാഗമായുള്ള സൗജന്യ വിപണന കേന്ദ്രം മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
വീടുകളിലും, സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി പുതിയ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ മുമ്പ് ഉപയോഗിച്ചിരുന്നവയും ഉപയോഗ യോഗ്യവുമായ ഫർണിച്ചറുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രിക്ക്, ഇലക്ട്രോണിക് ഉപകരണങ്ങൾ, പാത്രങ്ങൾ, ക്രോക്കറികൾ, കളിപ്പാട്ടങ്ങൾ മുതലായവ അർഹരായവർക്ക് സൗജന്യമായി ലഭ്യമാക്കുക, പുതിയ ഉത്പന്നങ്ങൾ വാങ്ങുന്നവർ മുമ്പ് ഉപയോഗിച്ചിരുന്നവ മാലിന്യമായി തള്ളുവാനുള്ള സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടത്തുന്നത്.
ഫർണിച്ചറുകൾ, ഗ്രഹോപരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവ സൗജന്യ വിപണന കേന്ദ്രങ്ങളിലേക്ക് ജനങ്ങൾ എത്തിക്കുന്നുണ്ട്. നഗരസഭ പ്രദേശത്തെ ഏതെങ്കിലും, വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ വിപണന കേന്ദ്രങ്ങളിലേക്ക് സാധനങ്ങൾ സൗജന്യമായി നൽകുവാൻ തയ്യാറുണ്ടെങ്കിൽ ആയവ സ്ഥലത്തെത്തി ശേഖരിക്കുന്നതിന് നഗരസഭാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 5 വരെയാണ് കാമ്പയിൻ. കട്ടപ്പന നഗരസഭ ഓഫിസിനു സമീപത്തുള്ള സ്റ്റേഡിയം സ്റ്റേജാണ് നിലവിലെ സൗജന്യ ഉത്പന്ന സ്വീകരണ, വിപണന കേന്ദ്രം. ജീവകാരുണ്യ പ്രവർത്തന ലക്ഷ്യത്തോടു കൂടി സംഘടിപ്പിക്കുന്ന കാമ്പയിനിൽ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് നഗരസഭ ആരോഗ്യ, പരിസ്ഥിതി പരിപാലന വിഭാഗം അഭ്യർത്ഥിച്ചു.
ഉത്ഘാടന യോഗത്തിൽ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി.പി.ജോൺ, ജൂനിയർ സൂപ്രണ്ട് ഗിരിജ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനുപ്രിയ.കെ.എസ്, സി.ഡി.എസ് ചെയർപേഴ്സൺമാരായ ഷൈനി ജിജി, രത്നമ്മ സുരേന്ദ്രൻ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.