ആലക്കോട്: കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ പരിക്കേറ്റ പാറമട തൊഴിലാളി മരിച്ചു. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിൽ പ്രവർത്തിക്കുന്ന പാറമടയിലെ തൊഴിലാളിയായിരുന്ന പൂപ്പാറ സ്വദേശി രാജ ഇന്നലെ(ജൂൺ1, വ്യാഴാഴ്ച) പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്.
ആലക്കോട് കച്ചിറപ്പാറയിൽ പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാർ ഗ്രാനൈറ്റ്സെന്ന പാറമടയിലെ തൊഴിലായിരുന്നു രാജ. ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഇവിടെ ജോലി ചെയ്തിരുന്ന രാജ ഉൾപ്പടെ 11 തൊഴിലാളികൾക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ഒരാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മഴയെ തുടർന്ന് ഭക്ഷണം കഴിക്കാനും വിശ്രമിക്കുന്നതിനുമായി നിർമിച്ച സമീപത്തെ താത്കാലിക ഷെഡിലിരിക്കുകയായിരുന്നു തൊഴിലാളികൾ. ഷെഡിനുള്ളിൽ തറയിലും സ്റ്റൂളിലുമായിരുന്ന് സംസാരിക്കുന്നതിനിടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഇതിന്റെ ആഘാതത്തിൽ എല്ലാവരും തറയിലേക്ക് തെറിച്ചുവീണു. പലരും നെഞ്ചിടിച്ചാണ് തറയിലേക്ക് വീണത്.
ഇവിടെയുണ്ടായിരുന്ന ലോറി ഡ്രൈവർ ജോബിൻ ജോസ് പരിക്കേൽക്കാതെ രക്ഷപെട്ടു. പരിക്കേറ്റവരെ പിന്നീട് തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ രാജയ്ക്കും മറയൂർ സ്വദേശി മഥനരാജിനും ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മൂന്നാർ കള്ളിപ്പാറ സ്വദേശി പ്രകാശ്, കൊല്ലം അച്ചൻകോവിൽ സ്വദേശി അഖിലേഷ്, എരുമേലി മരുത്തിമൂട്ടിൽ അശ്വിൻ മധു, തമിഴ്നാട് കുമാരലിംഗപുരം സ്വദേശികളായ ധർമ്മലിംഗം, വിജയ്, സൂര്യ, ജയൻ, പൂപ്പാറ സ്വദേശി രാജ, പെരുമ്പാവൂർ സ്വദേശികളായ ആശോകൻ, ജോൺ എന്നിവരാണ് പരിക്കേറ്റ് മറ്റ് ആശുപത്രികളിൽ ചികിൽസയിലുള്ളത്.