കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസുമായി യാതൊരു ബന്ധവുമില്ലെന്നും അതിനാൽ ക്രൈംബ്രാഞ്ച് നിർദേശമനുസരിച്ച് നാളെ ഓഫീസിൽ ഹാജരാകില്ലെന്നും കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ വ്യക്തമാക്കി. ആലുവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.
സാവകാശം നൽകിയില്ലെങ്കിൽ പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. അഭിഭാഷകരുമായി നിയമനടപടികളെക്കുറിച്ച് ചർച്ചചെയ്യുന്നുണ്ട്. പാർലമെൻറിലെ ധനകാര്യ സ്ഥിരം സമിതി അംഗമല്ല താനെന്നും പരാതിക്കാരെ അറിയില്ലെന്നും കെ.സുധാകരൻ പറഞ്ഞു.
കേസിൽ തന്നെയും സതീശനെയും കുടുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഢ സ്വർഗത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു. കാലം കരുതി വച്ചിരിക്കുന്നത് പിണറായിയെ കാത്തിരിക്കുന്നുണ്ട്. മറച്ചു വച്ചിരിക്കുന്ന അഴിമതികളെല്ലാം പുറത്തു വരുമെന്നും കെ.സുധാകരൻ അറിയിച്ചു.