മലപ്പുറം: താനൂർ ബോട്ടപകടത്തിൽ അറസ്റ്റിലായ പോർട്ട് കൺസർവേറ്റർ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സർവേയർ സെബാസ്റ്റ്യൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോട്ടിനു വഴിവിട്ട് സഹായം ചെയ്തെന്നു അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബോട്ടുടമയ്ക്കായി പോർട്ട് കൺസർവേറ്റർ അനധികൃതമായി ഇടപെട്ടെന്നും ശരിയായ സുരക്ഷാ പരിശോധന സർവേയർ നടത്തിയില്ലെന്നും തെളിഞ്ഞതിനെ തുടർന്നായിരുന്നു നടപടി.
മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ഉല്ലാസബോട്ടാക്കി മാറ്റിയതിൽ എല്ലാ നിയമങ്ങളും ലംഘിച്ച് സഹായങ്ങൾ നൽകിയെന്നായിരുന്നു അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. പോർട്ട് കൺസർവേറ്റർ വി.വി പ്രസാദിന് പൊന്നാനിയിലെ യാർഡിൽ ബോട്ട് രുപമാറ്റം വരുത്തിയതാതായി പരാതി ലഭിച്ചിരുന്നു. പക്ഷെ പരാതിയിൽ അന്വേഷണം നടത്തിയില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.
ചീഫ് സർവേയർ സെബാസ്റ്റ്യനായിരുന്നു രൂപമാറ്റം വരുത്തിയ ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. നിമവിരുദ്ധമായാണ് ഇതിന് അനുമതി നൽകിയതെന്നും കൃത്യമായി പരിശോധന നടന്നിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.