ഇടുക്കി: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നത് നീതി നിഷേധം ആണെന്ന് കേരള എൻജിഒ അസോസിയേഷൻ ഇടുക്കി കളക്ടറേറ്റിൽ സംഘടിപ്പിച്ച ധർണ്ണസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി അഭിപ്രായപ്പെട്ടു. ഇടുക്കി ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് അധ്യക്ഷത വഹിച്ചു.
ജീവനക്കാരുടെ ക്ഷാമബത്തയും ലീവ് സറണ്ടറും യഥാസമയം അനുവദിക്കാതെയും തടഞ്ഞുവെച്ചും ജീവനക്കാരെ വെല്ലുവിളിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ ഏഴ് വർഷങ്ങളായി തുടർന്നുവരുന്നതെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു.
ഭവന പദ്ധതി നിർത്തലാക്കിയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി അപാകതകളോടെ നടപ്പിലാക്കിയും ജീവനക്കാരെ വഞ്ചിച്ച നയപരിപാടികൾക്കെതിരെ ശക്തമായ സംഘടന പ്രതിഷേധം രേഖപ്പെടുത്തി.
യോഗത്തിൽ ജില്ലാ സെക്രട്ടറി സി.എസ് ഷെമീർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷാജി ദേവസ്യ, സി എം രാധാകൃഷ്ണ, സഞ്ജയ് കബീർ, ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് സാബു ജോൺ ജില്ലാ ട്രഷറർ സാജു മാത്യു സംസ്ഥാന കമ്മിറ്റി അംഗം വി ബി അജിതൻ ജില്ലാ ഉപ ഭാരവാഹികളായ പി കെ യൂനുസ്, കെ സി ബിനോയ്, വിൻസന്റ് തോമസ്, പി.കെ ഹരിദാസ്, ഓ എം ഫൈസൽ ഖാൻ, കെ ബി ബിജു, പീറ്റർ കെ എബ്രഹാം, ദിപു പി യു, യു എം ഷാജി, ഗിരീഷ് പി ആർ എന്നിവർ നേതൃത്വം നൽകി.