ന്യൂഡൽഹി: രാജ്യത്ത് നടപ്പാക്കാൻ ലക്ഷ്യമിടുന്ന ഏക സിവിൽ നിയമത്തിൽ(യു.സി.സി) നിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതടക്കം ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണമെന്ന് നിയമകാര്യ പാർലമെൻററി സമിതി അധ്യക്ഷൻ സുശീൽ കുമാർ മോദി.
തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ തിരക്കുപിടിച്ചു നിയമം കൊണ്ടുവരുന്നതിൻറെ ഉദ്ദേശ്യമെന്തെന്ന് പ്രതിപക്ഷം. ഇന്നലെ ചേർന്ന പാർലമെൻററി സമിതി യോഗത്തിലായിരുന്നു ഇരുവിഭാഗവും ഏറ്റുമുട്ടിയത്. പാർലമെൻറിൻറെ വർഷകാല സമ്മേളനം ചേരാനിരിക്കെയായിരുന്നു പാർലമെൻററി സമിതിയുടെ യോഗം.
അംഗങ്ങളിൽ 17 പേർ മാത്രമാണ് ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തത്. വ്യത്യസ്ത മേഖലകളുടെയും സമുദായങ്ങളുടെയും ആശങ്കകൾ പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കാവൂ എന്നായിരുന്നു ശിവസേനാ നേതാവ് സഞ്ജയ് റാവത്തിൻറെ ആവശ്യം.
യുസിസി സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയ നിയമ കമ്മിഷൻ എന്തുകൊണ്ടാണ് പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്കു പോയതെന്നു കോൺഗ്രസ് എം.പി വിവേക് തൻഖയും ഡി.എം.കെ എം.പി പി.വിൽസണും ചോദിച്ചു. 2018 ഓഗസ്റ്റ് 31ന് കാലാവധി അവസാനിച്ച മുൻ നിയമ കമ്മീഷൻ ഇത്തരമൊരു നിയമം ആവശ്യമോ അഭികാമ്യമോ അല്ലെന്നാണ് വിധിയെഴുതിയതെന്നും ഇവർ പറഞ്ഞു.