കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാം ഘട്ട വിധിയിൽ ശിക്ഷ വ്യാഴം പകൽ മൂന്നിന് എൻഐഎ കോടതി ജഡ്‌ജി അനിൽ കെ ഭാസ്‌കർ വിധിക്കും. കേസിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി കണ്ടെത്തിയിരുന്നു.
രണ്ടാംപ്രതി മൂവാറ്റുപുഴ രണ്ടാർക്കര തോട്ടത്തിക്കുടി വീട്ടിൽ സജിൽ (36), മൂന്നാംപ്രതി ആലുവ കുഞ്ഞുണ്ണിക്കര മരക്കാട്ടു വീട്ടിൽ എം കെ നാസർ (48), അഞ്ചാംപ്രതി ആലുവ കടുങ്ങല്ലൂർ ഉളിയന്നൂർ കരിമ്പേരപ്പടി വീട്ടിൽ കെ എ നജീബ് (42), ഒമ്പതാംപ്രതി ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര മണ്ണാർക്കാട് വീട്ടിൽ എം കെ നൗഷാദ് (48), പതിനൊന്നാംപ്രതി ആലുവ കടുങ്ങല്ലൂർ കുഞ്ഞുണ്ണിക്കര പുളിയത്ത് വീട്ടിൽ പി പി മൊയ്‌തീൻകുഞ്ഞ് (60), പന്ത്രണ്ടാംപ്രതി ആലുവ വെസ്‌റ്റ് തായിക്കാട്ടുകര പണിക്കരു വീട്ടിൽ പി എം ആയൂബ് (48) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
നാലാംപ്രതി ഷഫീഖ്, ആറാംപ്രതി അസീസ് ഓടയ്‌ക്കാലി, ഏഴാംപ്രതി മുഹമ്മദ് റാഫി, എട്ടാംപ്രതി സുബൈർ, പത്താംപ്രതി മൻസൂർ എന്നിവരെ വെറുതെവിട്ടു. കേസിൽ ഇവരുടെ പങ്കാളിത്തം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.