തൊടുപുഴ: വിലത്തകർച്ചയിലും,വിളത്തകർച്ചയിലും വന്യജീവി ആക്രമണത്തിലും നട്ടം തിരിയുന്ന കർഷകരുടെമേൽ കേരളാ ബാങ്ക് നടത്തുന്ന ജപ്തി നടപടികൾ അങ്ങേയറ്റം പ്രതിഷേധം ഉളവാക്കുന്നതാണെന്ന് ഡീൻ കുര്യാക്കോസ് എം.പി.
ജപ്തി നടപടികൾ ഉടൻ നിർത്തിവയ്ക്കണം, അദാലത്ത് ചേർന്ന് ഒത്തുതീർപ്പിലെത്തിയ വായ്പകളിലും, വായ്പ അടച്ചുകൊണ്ടിരിക്കുന്നവരുടെ മേലും, തിരിച്ചടവിന് കാലാവധിയുള്ളവർക്കെതിരെയും ജപ്തി നടപടികൾ സ്വീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കുവാൻ കഴിയില്ല.
ബാങ്കിൻറെ കിട്ടാക്കടം ക്രമവത്ക്കരിക്കുന്നതിന് കർഷകരുടെ മേൽ നടത്തുന്ന ഇത്തരം നീക്കങ്ങൾ എതിർക്കും. കൊന്നത്തടി പഞ്ചായത്തിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ അപലപനീയമാണ്.
ബാങ്കുകളിൽ പണം പെരുകുമ്പോഴും വൻകിട കോർപ്പറേറ്റുകളുടെ വായ്പകൾ എഴുതിത്തള്ളുമ്പോഴും കർഷകരോട് നിസ്സംഗതയും ശത്രുതയുമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തിപ്പോരുന്നതെന്നും എം.പി കൂട്ടിച്ചേർത്തു.