ടെൽ അവീവ്: തുർക്കിയിൽനിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്കു കപ്പൽ ചെങ്കടലിൽവച്ച് യമനിലെ ഹൂതി വിമതർ പിടിച്ചെടുത്തെന്ന് ഇസ്രയേൽ. വിവിധ രാജ്യക്കാരായ 50 ജീവനക്കാർ കപ്പലിലുണ്ട്. ഇന്ത്യക്കാർ ഉള്ളതായി വിവരമില്ല. ഹൂതി വിമതരുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ അപലപിക്കുന്നതായി ഇസ്രയേൽ പ്രതിരോധസേന പറഞ്ഞു. കപ്പൽ ഇസ്രയേൽ കമ്പനിയുടേതല്ലെന്നും ജീവനക്കാരിൽ ഇസ്രയേൽ പൗരർ ഇല്ലെന്നും സേന സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.
ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ വ്യവസായ സ്ഥാപനത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇസ്രയേൽ വ്യവസായി എബ്രഹാം ഉങ്കറിന്റെ ഭാഗിക ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്നും റിപ്പോർട്ടുണ്ട്. ഇസ്രയേൽ–- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹൂതി വിമതരും ഇസ്രയേലും തമ്മിൽ സംഘർഷം ശക്തമാണ്.