എറണാകുളം: ചോറ്റാനിക്കരയിൽ ആത്മഹത്യയെന്ന് കരുതിയിരുന്ന യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എരുവേലി പാണക്കാട്ട് ഷൈജുവിനെയാണ്(37) ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം. ഭാര്യ ശാരി(37) കുഴഞ്ഞുവീണതാണെന്നറിയിച്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ഷൈജു ആശുപത്രിയിലെത്തിച്ചത്.
എന്നാൽ മരണം സ്ഥിരീകരിച്ച ഡോക്ടർക്കും പൊലീസിനും സംശയം തോന്നിയതോടെ സത്യം പുറത്തറിയുകയായിരുന്നു. ശാരി കിടപ്പുമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചതാണെന്നാണ് ഷൈജു മൊഴി നൽകിയിരുന്നത്.
മൊഴിയിൽ സംശയം തോന്നിയ പൊലാസ് സംഭവസ്ഥലം വിശദമായി പരിശോധിച്ചു. പൊരുത്തക്കേടുകൾ തോന്നിയതിനാൽ ഷൈജുവിനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
13 വർഷമായി ഒരുമിച്ച് താമസിച്ചിരുന്ന ഇവർ അഞ്ച് വർഷം മുമ്പാണ് വിവാഹിതരായത്. ശാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണം.
ശാരിയെ ബലമായി മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഷോൾ കൊണ്ട് കഴുത്ത് മുറുക്കുകയായിരുന്നു. തുടർന്ന് കെട്ടിത്തൂക്കാൻ ശ്രമിച്ചു. എന്നാൽ ഇത് വിജയിക്കാതെ വന്നപ്പോഴാണ് കുഴഞ്ഞുവീണതാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചത്.






