Timely news thodupuzha

logo

കോവളത്ത് യുവതി ആത്മഹത്യ ചെയ്തതിനു കാരണം ഭർതൃവീട്ടുകാരുടെ മാനസിക പീഡനം

കോവളം: തിരുവല്ലം പാച്ചല്ലൂർ വണ്ടിത്തടത്ത് യുവതി ജീവനൊടുക്കിയതിന് കാരണം ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണെന്ന് ബന്ധുക്കൾ. വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻവീട് ഷഹാന മൻസിലിൽ ഷഹാന ഷാജിയുടെ(23) മരണത്തിലാണ് ആരോപണം.

ഷഹാനയെ ഭർതൃമാതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

ഷഹാനയ്ക്ക് മർദനമേറ്റതിന്റെ ചിത്രങ്ങളും കുടുംബം പുറത്തുവിട്ടു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ടാണ് ഷഹാനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൂന്നുവർഷം മുമ്പ് കാട്ടാക്കട സ്വദേശിയുമായാണ് ഷഹാനയുടെ വിവാഹം. സ്‌ത്രീധനമായി 75 പവനും സ്ഥലവും നൽകി. ഇവർക്ക് ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്.

ഭർതൃവീട്ടിലെ പ്രശ്നങ്ങളെ തുടർന്ന് മൂന്നുമാസമായി സ്വന്തം വീട്ടിലായിരുന്നു. ചൊവ്വാഴ്ച സഹോദരപുത്രന്റെ ജന്മദിനാഘോഷത്തിന് കൂട്ടിക്കൊണ്ടുപോകാനായി ഭർത്താവ് ഷഹാനയുടെ വീട്ടിലെത്തിയിരുന്നു.

എന്നാൽ, നേരിട്ട് ക്ഷണിക്കാത്തതിനാൽ ഷഹാന പോയില്ല. തുടർന്ന് ഭർത്താവ് കുഞ്ഞിനെയുമെടുത്ത് പുറത്തേക്കിറങ്ങി. അര മണിക്കൂറിനുള്ളിൽ വന്നില്ലെങ്കിൽ ബന്ധം അവസാനിപ്പിക്കുമെന്ന് ഭർത്താവ് ഭീക്ഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറയുന്നു.

ഇതോടെ മുറിക്കുള്ളിൽ കയറി വാതിലടച്ച യുവതിയെ പിന്നീട് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടുകാരുടെ സാമ്പത്തിക സ്ഥിതി ഉൾപ്പെടെ പറഞ്ഞ് മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.

ആത്മഹത്യ അറിഞ്ഞ ഭർത്താവിന്റെ വീട്ടുകാർ ചൊവ്വാഴ്ച രാത്രിയോടെ കുഞ്ഞിനെ തിരുവല്ലം പൊലീസ് സ്റ്റേഷനിലെത്തിച്ച് യുവതിയുടെ വീട്ടുകാർക്ക് കൈമാറി.

പോസ്റ്റുമോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. സംഭവത്തെക്കുറിച്ച് ഭർത്താവുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്നും ഇവർ ഒളിവിലാണെന്നും തിരുവല്ലം എസ്എച്ച്ഒ രാഹുൽ രവീന്ദ്രൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *