ടെൽ അവീവ്: ഗാസയിൽ വംശഹത്യ നടക്കുന്നതിനെതിരെ ലോകമാകെ പ്രതിഷേധം ഉയരുമ്പോൾ ഇസ്രയേലിന് അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള കമ്പനി സൈനിക ഡ്രോണുകളയച്ചതായി റിപ്പോർട്ട്.
ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള അദാനി – എൽബിറ്റ് അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് 20 ഹെർമ്‌സ് ഡ്രോണുകളാണ് നിർമിച്ച് നൽകിയത്.
ഡ്രോണുകൾ നൽകിയത് ഇസ്രയേലോ ഇന്ത്യയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, എൽബിറ്റ് സിസ്റ്റംസ് അദാനിയുമായി സഹകരിക്കുന്നുണ്ടെന്ന് വക്താവ് സ്ഥിരീകരിച്ചു.
ഇസ്രയേലിലെ എൽബിറ്റ് സിസ്റ്റം 49 ശതമാനം ഓഹരിയോടെ 2018ലാണ് അദാനി ഡിഫൻസ് ആൻഡ് ഏറോസ്‌പെയ്‌സുമായി സംയുക്ത സംരംഭം ആരംഭിക്കുന്നത്.
തുടർന്ന് 124.5 കോടിയുടെ ആളില്ലാ വിമാന നിർമാണ കമ്പനി ഹൈദരാബാദിൽ തുടങ്ങി. ഇസ്രയേലിന് പുറത്ത് ആദ്യമായാണ് കമ്പനി ഇത്തരത്തിൽ ആരംഭിച്ചത്.