മുംബൈ: ട്വന്‍റി20 ലോകകപ്പിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലന ചുമതല ഏറ്റെടുക്കാൻ ഗൗതം ഗംഭീറിനു ക്ഷണം. ഇന്ത്യയുടെ മുൻ ഓപ്പണിങ്ങ് ബാറ്ററും കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മെന്‍ററുമായ ഗംഭീർ നിലവിൽ ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ്.
രാഹുൽ ദ്രാവിഡിന്‍റെ കാലാവധി ഏകദിന ലോകകപ്പോടെ അവസാനിച്ചിരുന്നതാണ്. പുതിയ കോച്ചിനെ നിയമിക്കാത്തതിനാൽ ദ്രാവിഡിന്‍റെ കരാർ ട്വന്‍റി20 ലോകകപ്പ് വരെ നീട്ടിക്കൊടുക്കുകയായിരുന്നു.
അതിനു ശേഷം ടീമിന്‍റെ ചുമതല വഹിക്കാനുള്ള പുതിയ കോച്ചിനെ കണ്ടെത്താൻ ബി.സി.സി.ഐ അപേക്ഷയും ക്ഷണിച്ചിരുന്നു. ഇതിനിടെയാണ് ഗംഭീറിനെ നിയമിക്കാനുള്ള താത്പര്യം അങ്ങോട്ട് അറിയിച്ചിരിക്കുന്നത്.
നിലവിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എൽ പ്ലേഓഫിൽ ഇടം ഉറപ്പാക്കിയിട്ടുണ്ട്. അതിനാൽ ഐ.പി.എൽ മത്സരങ്ങൾക്കു ശേഷമായിരിക്കും ഗംഭീറുമായി ബി.സി.സി.ഐ ഔപചാരിക ചർച്ചകൾ നടത്തുക.
ഐ.പി.എൽ ഫൈനലിന്‍റെ അടുത്ത ദിവസം, അതായത് മെയ് 27 ആണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
കോച്ചിങ്ങിൽ അന്താരാഷ്‌ട്ര പരിചയമില്ലാത്ത ഗംഭീർ 2022, 2023 വർഷങ്ങളിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ മെന്‍ററായിരുന്നു. രണ്ടു സീസണിലും എൽ.എസ്.ജി പ്ലേഓഫിലെത്തുകയും ചെയ്തു.
ഈ വർഷമാണ് ടീം ഉടമ ഷാരുഖ് ഖാന്‍റെ നിർബന്ധപ്രകാരം കോൽക്കൊത്തയ്‌ക്ക് ഒപ്പം ചേർന്നത്. ഇക്കുറി പ്ലേഓഫിലേക്ക് ആദ്യം ഇടം ഉറപ്പിക്കുന്ന ടീം കോൽക്കൊത്ത ആയിരുന്നു.