മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണം നിലനിർത്തുമെന്ന് അമേരിക്കൻ രാഷ്‌ട്രീയ നിരീക്ഷകനും കൺസൾട്ടന്‍റുമായ ഇയാൻ ബ്രിമ്മർ.
ബി.ജെ.പിക്ക് 305 സീറ്റുകളാണ് ബ്രിമ്മർ പ്രവചിക്കുന്നത്. പത്തു സീറ്റുകൾ മുന്നോട്ടോ പിന്നോട്ടോ വരാമെന്നും റിസർച്ച് കൺസൾട്ടിങ്ങ് സ്ഥാപനം യുറേഷ്യ ഗ്രൂപ്പിന്‍റെ സ്ഥാപകനായ ബ്രിമ്മർ പറഞ്ഞു.
ആഗോള രാഷ്‌ട്രീയ വീക്ഷണകോണിൽ നോക്കുമ്പോൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് സുസ്ഥിരമാണ്. എന്നാൽ, യു.എസിലേതുൾപ്പെടെ മറ്റു തെരഞ്ഞെടുപ്പുകളെല്ലാം പ്രശ്ന സങ്കീർണമാണ്.
ഞങ്ങൾക്ക് സൂക്ഷ്മതലത്തിലുള്ള അനിശ്ചിതത്വങ്ങളുണ്ട്. ആഗോളവൽകരണം കമ്പനികൾ ആഗ്രഹിക്കുന്ന വിധത്തിൽ മുന്നേറുന്നില്ല. ആഗോള വിപണിയിലേക്ക് രാഷ്‌ട്രീയം സ്വയം തിരുകിക്കയറുന്നു.
യുദ്ധം, യു.എസ് – ചൈന ബന്ധം തുടങ്ങി മറ്റു വിഷയങ്ങൾ. ഇതിന്‍റെയെല്ലാം ഭാഗമാണു യു.എസ് തെരഞ്ഞെടുപ്പ്. എന്നാൽ, ഇന്ത്യൻ തെരഞ്ഞെടുപ്പ് ഏറെക്കുറെ സുസ്ഥിരമാണ്.
ഇവിടെ അനിശ്ചിതത്വമില്ല. ഏഴു ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ തുടക്കം മുതൽ നിരീക്ഷിക്കുന്ന യുറേഷ്യ ഗ്രൂപ്പിന്‍റെ നിഗമനത്തിൽ ബി.ജെ.പിക്ക് 295 – 315 സീറ്റുകൾ ലഭിക്കാനാണു സാധ്യതയെന്നും ബ്രിമ്മർ പറഞ്ഞു.
2014ൽ ബി.ജെ.പിക്ക് 282 സീറ്റുകളും(എൻ.ഡി.എ 336) 2019ൽ 303 സീറ്റുകളും(എൻ.ഡി.എ 353) ആണ് ലഭിച്ചത്. ബി.ജെ.പിക്കു മൂന്നാമുഴം ലഭിക്കുമെന്നു നേരത്തേ തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും പറഞ്ഞിരുന്നു.
സാമ്പത്തിക രംഗത്ത് ഇന്ത്യ പതിറ്റാണ്ടുകളായി സ്വന്തം കരുത്തിനൊത്ത് ഉയർന്നിരുന്നില്ല. എന്നാൽ, ഇപ്പോൾ വളർച്ച പ്രകടമാണ്. അടുത്ത വർഷം ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായേക്കും.
2028ൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തും. ആഗോള രാഷ്‌ട്രീയത്തിലും ഇന്ത്യ ശക്തി നേടുകയാണ്. ലോകരാജ്യങ്ങളുമായി സ്വന്തം സൗഹൃദം നിർണയിക്കുന്നതിൽ ഇന്ത്യ ഇന്ന് കൂടുതൽ കരുത്തു നേടിയിരിക്കുന്നെന്നും ബ്രിമ്മർ പറഞ്ഞു.