ന്യൂയോർക്ക്: പാട്ടും സിനിമയും സ്വന്തം ചുറ്റുവട്ടങ്ങളിൽ ഒതുങ്ങിയിരുന്ന കാലത്തും അതിർത്തികൾ കരകവിഞ്ഞ പാട്ടും പാട്ടുകാരുമുണ്ടായിരുന്നു. അന്നും ഇന്നും തലമുറകൾ ഏറ്റുപാടുന്ന കുട്ടിപ്പാട്ടിന്റെ നായകനാണ് അരങ്ങൊഴിഞ്ഞ റിച്ചഡ് ഷെർമൻ.
വിരൽ തുമ്പിൽ ലോകത്തെ ഏതു പാട്ടുകളും എത്തുന്ന ഇക്കാലത്തും ഈ 95കാരന് ആരാധകരുണ്ട്. കുട്ടികൾക്കായി ഒരുക്കിയ പാട്ടിന് സഹോദരനൊപ്പം രണ്ട് ഓസ്കറുകളും ഗ്രാമിയും നേടി.
സഹോദരൻ റോബർട്ടിന് ഒപ്പമായിരുന്നു ഈ നേട്ടങ്ങളും രചനയും എല്ലാം. 1964ലാണ് ആദ്യത്തെ അംഗീകാരം ഇരുവരെയും തേടി എത്തിയത്. അപ്പോഴേക്കും ഇപ്പോഴത്തെ ഭാഷയിൽ അവരുടെ കുട്ടിപ്പാട്ടുകൾ ലോകത്തിലെ ബാല്യ കൌമാരങ്ങളുടെ ചുണ്ടിൽ തങ്ങിനിന്നവയായി മാറിയിരുന്നു.
1964ൽ ഇറങ്ങിയ ‘മേരി പോപ്പിൻസി’ന്റെ പശ്ചാത്തലസംഗീതവും അതിലെ ‘ചിം ചിം ചെറീ’യെന്ന ഗാനവും അവരെ ഓസ്‌കറിന് അർഹരാക്കി.
ചിട്ടി ചിട്ടി ബാങ്ങ് ബാങ്ങ് ഇരുവരുടെയും പാട്ടുകളിലെ മറ്റ് ഒരു തരംഗമായിരുന്നു. 1960മുതൽ 1973വരെ ഡിസ്നിയുടെ സംഗീതവിഭാഗത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.
ആ സമയത്ത് 27 സിനിമകൾക്കും അത്രത്തോളം ടെലിവിഷൻ ചിത്രങ്ങൾക്കുമായി ഇരുനൂറിലേറെ പാട്ടുകളാണ് റിച്ചാർഡും റോബർട്ടും ചേർന്നൊരുക്കിയത്.
എ എ മിൽനെയുടെ വിന്നി ദ പൂഹ്, ലിറ്റിൽ നീമോ, അയൺ മാൻ, ഫസ്ററ് അവഞ്ചർ എന്നിങ്ങനെ തലമുറകളെ ആകർഷിച്ച കോമിക്, കാർട്ടൂൺ ചിത്രങ്ങളിലെ സംഗീതം റിച്ചാഡിന്റെതായുണ്ട്.
1928 ജൂൺ 12-നാണ് റിച്ചഡ് മോർട്ടൻ ഷെർമൻ ജനിച്ചത്. പാട്ടെഴുത്തുകാരനായ അച്ഛൻ അൽ ഷെർമന്റേയും നടി റോസയുടേയും മക്കൾ കലാ രംഗത്ത് അവരേക്കാൾ പ്രശസ്തരായി.
ബെവേർലി ഹൈസ്‌കൂളിൽ റിച്ചാഡ് പിയാനോയും ഫ്‌ളൂട്ടും പിക്കളോയും പഠിച്ചു. ന്യൂയോർക്കിലെ ബാർഡ് കോളജിൽ സംഗീതവും. പാട്ടെഴുതാനും വിൽക്കാനും പ്രയാസമാണെന്നുപറഞ്ഞ അച്ഛന്റെ വാക്കുകൾ സഹോദരങ്ങൾ വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു.
ബെവേർലി ഹിൽസിലായിരുന്നു റിച്ചഡ് ഷെർമന്റെ അന്ത്യമെന്ന് ഡിസ്നി കമ്പനി അറിയിച്ചു. റോബർട്ട് 2012ൽ ഈ ലോകത്തോടു വിടപറഞ്ഞിരുന്നു.