തൊടുപുഴ: കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി മോഷണങ്ങൾ കരിങ്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാത്തത് ജനങ്ങളെ ഭീതിയിലാക്കുന്നു. കരിങ്കുന്നം മഞ്ഞക്കടമ്പിനുസമീപം തുടരെ രണ്ട് മോഷണങ്ങൾ നടന്നു.
കുരിശുംമൂട്ടിൽ ജിമ്മിയുടെ വീട്ടിൽ, കനത്ത മഴയുള്ള ജൂൺ 6 രാത്രിയിൽ 12 മണിക്കു ശേഷം തസ്ക്കരസംഘം എത്തി ഉണങ്ങി സൂക്ഷിച്ചിരുന്ന 12 ചാക്ക് കുരുമുളക് അപഹരിച്ചു. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജിമ്മി തനിച്ച് താമസിക്കുന്നതും വൈകി ഉറങ്ങുന്നത് നിരീക്ഷിച്ചവരും, പ്രധാന റോഡ് ഒഴിവാക്കി മറ്റൊരു സൈഡിലൂടെ വാഹനം എത്തിച്ച് അങ്ങോട്ടേയ്ക്ക് തലച്ചുമടായി കുരുമുളക് എത്തിച്ചതിലൂടെ വീടിൻറെ ഭൂമി ശാസ്ത്രം നന്നായി മനസ്സിലാക്കിയവരും മോഷണത്തിലുൾപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു.
മഞ്ഞക്കടമ്പിൽ മുഞ്ഞനാട്ട് അഗസ്റ്റിൻറെ ആൾത്താമസമില്ലാതിരുന്ന വീട് കുത്തി തുറന്ന് കയറിയ കള്ളൻമാർ അലമാരികൾ ഉൾപ്പെടെ കുത്തിപ്പൊളിച്ച് വലിയ നഷ്ടമുണ്ടാക്കി. പുത്തൻപള്ളി കൃഷി ഭവനു സമീപം കാരുപ്ലാക്കിൽ സോയിയുടെ മുറ്റത്തു നിർത്തിയിട്ടിരുന്ന കാർ കുത്തിപ്പൊളിച്ച് അകത്ത് സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർന്നു.
ശാസ്ത്രീയമായ അന്വേഷണം ഊർജ്ജിതമായി നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്നും ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പുവരുത്തണമെന്നും ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന(എ.ഐ.കെ.കെ.എം.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സിബി സി. മാത്യുവിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി എൻ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.