ഇടുക്കി: ആദിവാസികൾക്കുള്ള ഭക്ഷ്യ കിറ്റിലെ തട്ടിപ്പ് ഈ മേഖലയിലെ ജനങ്ങളെ രണ്ടാം തരം പൗരന്മാരായി സർക്കാർ കാണുന്നതിനുള്ള സൂചനയെയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ ജോൺ.
ഇടുക്കി ജില്ലയിലും ഉടുമ്പന്നൂർ പഞ്ചായത്തിലും ആദിവാസി മേഖലയിൽ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ ഗുണമേന്മ ഇല്ലാത്ത സാധനങ്ങളാണ് വിതരണം ചെയ്തത്. ഇതുമൂലം ഇവിടെയുള്ള കുടുംബങ്ങൾക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഫല പ്രദമായ നിയമ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തോ ആരോഗ്യ വകുപ്പോ തയ്യാറായിട്ടില്ല എന്ന് മാത്യു കെ ജോൺ പറഞ്ഞു.
ഇത്തരം സംഭവങ്ങൾക്കു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് മേലിൽ ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുന്നതിനു പകരം ഇത്തരക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് ഗവർമെന്റ് പുലർത്തുന്നത്.
ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടവർക്ക് ആവശ്യമായ തുടർ ചികിത്സ നൽകുന്നതിനും തന്മൂലം അവർക്കുണ്ടായ സാമ്പത്തിക നഷ്ടങ്ങൾക്ക് ആവശ്യമായ ധന സഹായം നൽകി ആദിവാസി മേഖലയെ സംരക്ഷിക്കണമെന്ന് ഉടുമ്പന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ ഉദ്ഘാടനം ചെയ്തD കൊണ്ട് മാത്യു കെ ജോൺ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് പ്രിൻസ് ജോർജ് ജില്ലാ ജനറൽ സെക്രട്ടറിമാരായ മനു സി.എ, റമീസ്, ഫൈസൽ, ജോസ് സണ്ണി എന്നിവർ സംസാരിച്ചു.