Timely news thodupuzha

logo

വിവാദ ഐ.എഎ.സ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ മാതാപിതാക്കൾ ഒളിവിൽ

മുംബൈ: വ്യാജ സർട്ടിഫിക്കറ്റുകൾ ഐ.എ.എസ് നേടിയെന്ന ആരോപണം നേരിടുന്ന ട്രെയ്നി സിവിൽ സർവീസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ അച്ഛനമ്മമാർ ഒളിവിൽ.

ഇവരെ അന്വേഷിച്ച് കൊണ്ടിരിക്കുന്നുവെന്നും കണ്ടെത്താനായിട്ടില്ല എന്നുമാണ് പൊലീസ് ഭാഷ്യം. കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയാണ് പൂജയുടെ അമ്മയും മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമമുഖ്യയുമായ മനോരമ ഖേദ്കർ.

അവരുടെ ഭർത്താവ് ദിലീപ് ഖേദ്കറും കേസിൽ കൂട്ടുപ്രതിയാണ്. ഇരുവരെയും അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

ഇവരെ കണ്ടെത്താൻ മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും വിവരം. മുംബൈ, പൂനെ, അഹമ്മദ്‌നഗർ എന്നിവിടങ്ങളിലാണ് ഇവരെ തെരയുന്നതെന്ന് പൊലീസ് പരസ്യമായി തന്നെ അറിയിച്ചിട്ടുമുണ്ട്.

നേരത്തെ, സ്വകാര്യ വാഹനത്തിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിന് സ്ഥലം മാറ്റം കിട്ടിയതോടെയാണ് പൂജ ഖേദ്കർ ആദ്യമായി വാർത്തകളിൽ നിറയുന്നത്.

ഇതിന് പിന്നാലെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണവും ഉയർന്നു. പൂജയുടെ അച്ഛൻ ദിലീപ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സത്യവാങ്മൂലത്തിൽ കാണിച്ച സ്വത്ത് വിവരം നാൽപ്പത് കോടി രൂപയുടേതാണ്.

എന്നിട്ടും പൂജയ്ക്ക് എങ്ങനെ ഒബിസി വിഭാഗത്തിൽ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിച്ചു എന്നതാണ് ഒരു ചോദ്യം. ഇതുകൂടാതെ, കാഴ്ചപരിമിതിയുണ്ടെന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണവും പൂജയ്ക്ക് ലഭിച്ചിരുന്നു.

അതേസമയം, അംഗവൈകല്യം സംബന്ധിച്ച വൈദ്യപരിശോധനയ്ക്ക് ഹാജരാകാൻ പലതവണ ആവശ്യപ്പെട്ടിട്ടും പൂജ തയാറായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *