Timely news thodupuzha

logo

തിരുവനന്തപുരത്ത് തോട്ടിൽ വീണ് മരിച്ച ജോയിയുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്ക്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്ക്കാര ചടങ്ങുകൾ.

പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വളരെ വികാര ഭരിതമായാണ് നാടും വീടും ജോയിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്.

ജോയിയുടെ അമ്മ അടക്കമുള്ളവർ മരണ വാർത്തയറിഞ്ഞ് തളർന്നിരുന്നു. 48 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തുമ്പോൾ ജീർണിച്ച നിലയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. കൊച്ചിയിൽ നിന്നുള്ള നേവി സംഘവും ഇന്ന് തെരച്ചിലിനെത്തിയിരുന്നു.

ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്.

ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

ശനിയാഴ്ചയാണ് രാവിലെ 10 മണിയോടെ ജോയിയും മൂന്ന് തൊഴിലാളികളും കൂടി തമ്പാനൂർ റെയിൽവേ സ്റ്റേഷനോട് ചോർന്നുള്ള തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയിൽ പെട്ടെന്നുണ്ടായ ഒഴുക്കിൽ കാണാതാവുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *