കോഴിക്കോട്: താമരശ്ശേരി അടിവാരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈൽഷോപ്പ് ഉടമ ഹർഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയിൽ നിന്നുമാണ് ഹർഷാദിനെ കണ്ടെത്തിയത്.
തട്ടിക്കൊണ്ട്പോയ സംഘം വൈത്തിരിയിൽ ഹർഷാദിനെ ഇറക്കി വിടുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8.45 ഓടെ ഇറക്കി വിട്ട സമീപത്തെ കടയിൽ കയറി ഫോൺ വാങ്ങി ഹർഷാദ് പിതാവിൻറെ ഫോണിലേക്ക് വിളിച്ചത്.
ഹർഷാദ് വിളിച്ച വിവരം ബന്ധുക്കൾ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. കോഴിക്കോട് മൂഴിക്കലിൽ മൊബൈൽ ഷോപ്പ് നടത്തിയിരുന്ന ചെറുപറ്റ സ്വദേശിയായ ഹർഷാദിനെ തൻറെ കാർ തടഞ്ഞുനിർത്തി വെള്ളിയാഴ്ച രാത്രിയാണ് തട്ടികൊണ്ട് പോവുന്നത്.
അടിവാരത്തെ ഭാര്യവീട്ടിലായിരുന്ന ഹർഷദ് രാത്രി 12ഓടെ ആരുടെയോ ഫോൺ വന്ന് പുറത്തേക്ക് പോയശേഷം തിരികെ വന്നില്ലെന്നും വിട്ടു കിട്ടണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ശനിയാഴ്ച രാവിലെ താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ ശനിയാഴ്ച രാവിലെയും രാത്രിയും ഭാര്യ ഫോൺ വിളിച്ചപ്പോൾ മലപ്പുറത്താണെന്നും കൂടെയുള്ളവർ പണം ആവശ്യപ്പെടുന്നുണ്ട് എന്നുമായിരുന്നു മറുപടി.
ഹർഷാദിൻറെ കാറ് മുൻഭാഗത്തെ ഗ്ലാസ് തകർന്ന നിലയിൽ ഉപേക്ഷിച്ച നിലയിൽ അമ്പായത്തോട് എൽ.പി സ്‌കൂളിൻറെ പിന്നിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഹർഷദിന് കാരാടി സ്വദേശിയുമായി 10 ലക്ഷം രൂപയുടെ ഇടപാടുണ്ടായിരുന്നു, ഇത് തിരികെ കിട്ടാനാകാം തട്ടികൊണ്ടു പോയതെന്നാണ് പൊലീസിൻ്റെ നിഗമനം.