ഇടുക്കി: മുറിവേറ്റ വയനാടിന് ഇടുക്കിയുടെ സ്നേഹസ്പർശമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ ഒഴുക്ക് തുടരുന്നു.
വ്യപക പ്രചാരണം നൽകാതിരുന്നിട്ടുകൂടി താലൂക്ക് കേന്ദ്രങ്ങളിലേക്ക് ജനങ്ങൾ എത്തിച്ച വിവിധ സാധന സാമഗ്രികൾ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം വയനാടിന് കൈമാറിയിരുന്നു.
സമ്പാദ്യ കുടുക്കയുമായി എത്തുന്ന കൊച്ചുകുട്ടികളുടെ എണ്ണം കൂടുകയാണ്. പോത്തുകണ്ടം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദവ് 13473 രൂപയാണ് തന്റെ കൊച്ചു സമ്പാദ്യപ്പെട്ടി പൊട്ടിച്ചു കളക്ടർക്ക് നേരിട്ട് നൽകിയത്. ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ നൽകി.
ഉടുമ്പന്നൂർ പഞ്ചായത്ത് 5 ലക്ഷം രൂപ, കട്ടപ്പന ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റ് 12500 രൂപ,അംഗനവാടി ഹെൽപ്പേഴ്‌സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ 5500 രൂപ, ലയൺസ് ക്ലബ് 30000 രൂപ എന്നിങ്ങനെയാണ് വിവിധ മേഖലകളിൽ നിന്നുള്ള ധനസഹായം.
ദുരന്തത്തിൽ മാതാവോ, പിതാവോ നഷ്ടപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടെയും തുടർപഠനം തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ ക്യാമ്പസുകളിൽ തികച്ചും സൗജന്യമായി നല്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകൾ പ്രയോജനപ്പെടുത്താം. ഇതിനുള്ള ധാരണാപത്രം ജില്ലാ കളക്ടർക്ക് കൈമാറി.