ഇടുക്കി: ഒരുമിക്കാം വൃത്തിയാക്കാം തീവ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പുളിയന്മല- തൊടുപുഴ സംസ്ഥാന പാതയുടെ
മൂലമറ്റം മുതല്‍ ചെറുതോണി വരെയുള്ള ഭാഗം വൃത്തിയാക്കി.ചെറുതോണി മുതല്‍ പാറമട വരെ ഒരു ടീമും മൂലമറ്റം മുതല്‍ പാറമട വരെ മറ്റൊരു സംഘവും ശുചീകരണത്തില്‍ പങ്കാളികളായി.എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണ് എന്ന പ്രതിജ്ഞ ചൊല്ലിയതിന് ശേഷമാണ് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ടീമുകള്‍ ശുചീകരണം നടത്തിയത്.
അറക്കുളം , വാഴത്തോപ്പ് പഞ്ചായത്തുകളും ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, വനം വകുപ്പ് എന്നിവ കൈകോര്‍ത്താണ് ശുചീകരണ യജ്ഞം നടത്തിയത്.പൈനാവ് ഐ.എച്ച്.ആര്‍.ഡി. പോളിടെക്നിക്കിലെ എന്‍.എസ്.എസ്.വിദ്യാര്‍ഥികളും ഹരിതകര്‍മ സേനാംഗങ്ങളും ശുചീകരണത്തില്‍ അണിചേര്‍ന്നു.
കളക്ടറേറ്റ് ബസ് സ്റ്റോപ്പിന് മുന്‍ ഭാഗത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷനായി.ഇടുക്കി സബ്കളക്ടര്‍ ഡോ. അരുണ്‍ എസ്.നായര്‍ മുഖ്യാതിഥിയായി.
അറക്കുളം പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് സുബി ജോമോന്‍, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജയ് പി. കൃഷ്ണന്‍,ശുചിത്വ മിഷന്‍ ഇടുക്കി കോ-ഓര്‍ഡിനേറ്റര്‍ എസ്.എം.ഭാഗ്യരാജ് എന്നിവര്‍ പ്രസംഗിച്ചു.