വട്ടവട: കൃഷിക്കാരുടെ ആശങ്ക അകറ്റാൻ വനംമന്ത്രി ജില്ലയിൽ യോഗം വിളിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ ആവശ്യപ്പെട്ടു. വട്ടവട അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് സിപിഐ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ഒരിഞ്ച് ഭൂമി പോലും പുതുതായി ഏറ്റെടുക്കാൻ വനം വകുപ്പ് ഉദ്ദേശിക്കുന്നില്ലെന്ന് എൽഡിഎഫ് നേതാക്കളുമായി ഒന്നര മാസം മുമ്പ് തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, അതിന് കടക വിരുദ്ധമായ പ്രവർത്തനങ്ങൾ ജില്ലയിൽ നടക്കുന്നു. വന വിസ്തൃതി വർദ്ധിപ്പിയ്ക്കുന്നതിനു വേണ്ടി ഒരു പറ്റം വനം വകുപ്പ് ഉദ്യോഗസ്ഥർ കൃഷിക്കാരെ തൊഴിലാളികളെയും ജനങ്ങളയും ബോധപൂർവ്വം പ്രയാസപ്പെടുത്തുന്ന നിലപാടുകൾ തുടരുകയാണ്. ജനങ്ങൾ താമസിക്കുന്നതും കൃഷി ചെയ്യുന്നതുമായ റവന്യുഭൂമി വനഭൂമിയായി പ്രഖ്യാപിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും സലീംകുമാർ പറഞ്ഞു.
വട്ടവട പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെട്ടതും പഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തിയാക്കിയതുമായ കൊട്ടക്കമ്പൂർ – കടവരി റോഡ് നിർമ്മാണം വനം വകുപ്പ് തടഞ്ഞതിൽ പ്രതിക്ഷേധിച്ച് വാർഡ് മെംബർ ആർ ചെമ്മലർ കഴിഞ്ഞ എഴ് ദിവസമായി വട്ടവട ഫോറസ്റ്റ് ആഫീസിന് മുമ്പിൽ നടത്തി വരുന്ന സമരം വനംമന്ത്രി ഇടപെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ചും ധർണ്ണയും.
പി രാമരാജ് സ്വാഗതം പറഞ്ഞു. എസ് സെന്തിൽ അധ്യക്ഷത വഹിച്ചു. എം.വൈ ഔസേഫ്, പി പളനിവേൽ, അഡ്വ. ടി ചന്ദ്രപാൽ, പി കാമരാജ് എന്നിവരും പ്രസംഗിച്ചു.