തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
എന്തിനാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ ഊഴമിട്ട് കാണുന്നതെന്നും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കാണുന്നതിൽ എന്താണ് അടിസ്ഥാനമെന്നും ബിനോയ് വിശ്വം ചോദിച്ചു.
സി.പി.ഐ ഉന്നയിക്കുന്ന ചോദ‍്യം ശരിയാണ് ഈ നിലപാടിൽ മുന്നോട്ടുമില്ല, പിന്നോട്ടുമില്ല. ഇടതുപക്ഷ ശരികളെ ഉയർത്തിപിടിക്കുന്ന പാർട്ടിയാണ് സി.പി.ഐ. എ.ഡി.ജി.പിക്കെതിരായ അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന് മുഖ‍്യമന്ത്രി പറഞ്ഞാൽ അത് മാനിക്കേണ്ട രാഷ്ട്രീയബോധമുണ്ട്.
എന്നാൽ തീരുമാനം അധികമായി നീണ്ടു പോകാൻ പാടില്ലെന്നും ബിനോയ് വിശ്വം കൂട്ടിചേർത്തു.
ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെയും നിലപാടിന്‍റെയും കരുത്തുറ്റ ഭാഗമാണ് സി.പി.ഐ. ആരെങ്കിലും പുറകെ വിളിച്ചാൽ പോകുന്ന പാർട്ടിയല്ല സി.പി.ഐയെന്നും എം.എം ഹസന്‍റെ പ്രസ്താവനയോട് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു. യു.ഡി.എഫിലെ കാര‍്യങ്ങൾ നോക്കാനാണ് ഹസൻ ശ്രമിക്കേണ്ടത് അതല്ലാത്ത കാര‍്യങ്ങളിൽ തലപുണ്ണാക്കേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.