കൊച്ചി: താരസംഘടന അമ്മ പിളർപ്പിലേക്കെന്ന് സൂചന. അമ്മയിലെ ഇരുപതോളം താരങ്ങൾ പുതിയ ട്രേഡ് യൂണിയൻ ആരംഭിക്കാനുള്ള സാധ്യതകൾ തേടി ഫെഫ്കയെ സമീപിച്ചു.
ട്രേഡ് രൂപീകരിച്ച് ഫെഫ്കയോടൊപ്പം നിൽക്കാനാണ് നീക്കം. ഫെഫ്കയുടെ ജനറൽ കൗൺസിലിന്‍റെ അംഗീകാരം ലഭിച്ചാൽ അമ്മ പൂർണമായി പിളർന്ന് പുതിയ സംഘടന നിലവിൽ വരും.
ഒരു സംഘടന രൂപീകരിച്ച് ജനറൽ കൗൺസിലിന് മുന്നിൽ സമർപ്പിച്ച് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും അഭിനേതാക്കളുടെ പുതിയ യൂണിയനെ അംഗീകരിക്കുക. അതിന് ഫെഫ്ക തയാറാണെന്ന സൂചനയാണ് പുറത്ത് വരുന്നത്.
ഫെഫ്കയെ സമീപിച്ച താരങ്ങളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.ട്രേഡ് യൂണിയൻ രൂപീകരിക്കാൻ താരങ്ങൾ തങ്ങളെ സമീപിച്ച കാര്യം ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചിട്ടുണ്ട്.
സംഘടന രൂപീകരിച്ച ശേഷമായിരിക്കും ഭാരവാഹികളുടെ വിവരങ്ങൾ പുറത്തുവരുക. യൂണിയനായി രൂപീകരിച്ച് വരാനാണ് ഫെഫ്ക നിർദേശം നൽകിയിരിക്കുന്നത്. സംഘടന രൂപീകരിച്ച് പുതിയ പേര് നൽകി മാനദണ്ഡങ്ങൾ പാലിച്ച് വേണം യൂണിയൻ നിർമ്മിക്കാൻ എന്ന് നിർദേശിച്ചിരിക്കുന്നത്.