കോഴിക്കോട്: ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഷൂട്ടിങ്ങിനിടെ ലോക്കേഷനിൽ ഒരു സംഘം ആളുകൾ പ്രൊഡക്ഷൻ മാനേജരെ മർദിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പ്രൊഡക്‌ഷൻ മാനേജർ ടി.ടി.ജിബുവിനാണ് മർദനമേറ്റത്. അബു ഹംദാൻ, ഷബീർ എന്നിവരും മറ്റു മൂന്നു പേരും ചേർന്നാണ് മർദിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ ജിബു പറയുന്നു.
ലോക്കേഷനിൽ നിന്നും തന്നെ വലിച്ചുകൊണ്ട് പോവുകയായിരുന്നെന്നും റോഡരികിൽ വച്ചാണ് മർദിച്ചതെന്നും പരാതിയിൽ പറയുന്നു. ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി കൈയ്ക്ക് പരുക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
സിനിമയുടെ ആവശ്യത്തിലേക്കായി ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു. വാടകയായി വൻ തുകയാണ് ചോദിച്ചത്. ഇത്രയും തുക നൽകാനാവില്ലെന്ന് പറഞ്ഞതോടെയാണ് അവർ തനിക്കെതിരെ തിരിഞ്ഞതെന്നും ഷിബു വ്യക്തമാക്കുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.