അടിമാലി: ചൊക്രമുടി മലയിൽ നടന്ന റവന്യൂ ഭൂമി കയ്യേറ്റ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച ഇടുക്കി ജില്ലാ കലക്ടറുടെ നടപടി സ്വാഗതാർഹമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
സെപ്റ്റംബർ ഏഴിന് താൻ ചൊക്രമുടി മല സന്ദർശിച്ച് കയ്യേറ്റത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനത്തിൽ അനധികൃത പട്ടയങ്ങൾ റദ്ദാക്കണമെന്നും കയ്യേറ്റക്കാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇവിടെ ഇരുന്നൂറോളം ദളിത് ആദിവാസി കുടുംബങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്.
കളക്ടറുടെ അന്വേഷണപരിധിയിൽ ഉദ്യോഗസ്ഥരുടെ പങ്ക് മാത്രമല്ല, സിപിഐ നേതൃത്വത്തിന്റെ പങ്കും ഉൾപ്പെടുത്തണം. റവന്യൂ മന്ത്രിയും ഈ കയ്യേറ്റത്തിന് ഉത്തരവാദിയാണ്. സി.പി.ഐയിലെ ഉന്നതരുടെ പങ്കും പണം കൊടുത്താൽ പട്ടയം ഒപ്പിച്ചു കൊടുക്കുന്ന മാഫിയയുടെ പങ്കും പുറത്ത് കൊണ്ട് വരണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
സംസ്ഥാന വ്യാപമായി നടക്കുന്ന ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അനധികൃത പട്ടയം റദ്ദാക്കുകയും അനധികൃതമായി കയ്യേറിയ ഭൂമി തിരിച്ചെടുക്കുകയും വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.