കൊച്ചി: മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി മിന്നൽ മുരളി യൂണിവേഴ്സിൽ സിനിമ ചെയ്യുന്നതിനെ വിലക്കി കോടതി.
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഡിറ്റക്റ്റീവ് ഉജ്വലനെന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിലക്ക്. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ സമർപ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ കോടതിയുടെ നടപടി. മിന്നൽ മുരളി നിർമിച്ച വീക്കെൻഡ് ബ്ലോക് ബസ്റ്റേഴ്സ് തന്നെയാണ് ഡിറ്റക്റ്റീവ് ഉജ്വലൻറെയും നിർമാതാക്കൾ.
ഡിറ്റക്റ്റീവ് ഉജ്വലൻറെ ടീസറിൽ മിന്നൽ മുരളിയിലെ കഥാപാത്രങ്ങളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും റെഫറൻസ് ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ചിത്രം മിന്നൽ മുരളി സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്നതാണെന്ന അഭ്യൂഹവും ശക്തമായി.
ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ മിന്നൽ മുരളി സിനിമയെ സംബന്ധിച്ച കോപ്പി റൈറ്റ് പോളിസികൾ ലംഘിക്കപ്പെടാൻ പാടില്ലെന്നാണ് കോടതിയുടെ നിർദേശം.
ഡിറ്റക്റ്റീവ് ഉജ്വലൻറെ നിർമാതാവായ സോഫിയ പോൾ, നെറ്റ്ഫ്ലിക്സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാജുൽ ജി എന്നിവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.