ന്യൂഡൽഹി: സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് രാജ്യം. സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ എത്തിയാണ് ദേശീയ നേതാക്കൾ അന്ത്യാഭിവാദ്യമർപ്പിച്ചത്.
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുതിർന്ന പത്രപ്രവർത്തകനും ‘ന്യൂസ് ക്ലിക് ’ എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്‌ത, കപിൽ സിബൽ, മനീഷ് സിസോദിയ തുടങ്ങി നിരവധി നേതാക്കളാണ് ആദരമർപ്പിക്കാൻ എകെജി ഭവനിൽ എത്തിയത്.
യെച്ചൂരിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമെന്ന് ശരത് പവാർ പറഞ്ഞു. പാർലമെന്റിനെ മാസ്മരിക സ്വാധീനത്തിലാക്കിയ നേതാവായിരുന്നു യെച്ചൂരിയെന്ന് കപിൽ സിബലും വരും തലമുറകൾക്ക് രാഷ്ട്രീയ പാഠമെന്ന് കനിമൊഴിയും പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ, ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട്, എം എ ബേബി, വിജു കൃഷ്ണൻ, ഡി രാജ, വി കെ ശ്രീമതി, കെ കെ ശൈലജ, പി രാജീവ്, ഇ പി ജയരാജൻ, വി എൻ വാസവൻ, സി എസ് സുജാത, തോമസ് ഐസക്, വി ശിവദാസൻ, പി സതീദേവി, പി കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.
സീതാറാം യെച്ചൂരിയുടെ മൃതദേഹം വൈകുന്നേരം മൂന്ന് വരെ എ.കെ.ജി ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ചിന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി എയിംസ് അധികൃതർക്ക് കൈമാറും.