Timely news thodupuzha

logo

മൈനാ​ഗപ്പള്ളി കാർ അപകട കേസിൽ പ്രതി അജ്‌മലിൻറേയും ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ കരുനാ​ഗപ്പളളി സ്വദേശി അജ്മലിൻറെയും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി.

ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡോ. ശ്രീക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. ശാസ്താംകോട്ട പൊലീസാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് പിടികൂടിയത്. ഇരുവും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു.

ഒരു സുഹൃത്തിൻറെ വീട്ടിൽ പാർട്ടി കഴിഞ്ഞ് ഇരുവരും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. ലഹരി വസ്തു വിറ്റതിന് അജ്മലിനെതിരെ നേരെത്തെയും കേസുണ്ട്.

മൈനാഗപ്പള്ളി ആനൂർക്കാവിൽ ‌ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ(45) ആണ് മരിച്ചത്.

കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും അമിതവേഗത്തിൽ ഇയാൾ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു.

കുഞ്ഞുമോൾ സഞ്ചരിച്ച സ്‌കൂട്ടർ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്. കുഞ്ഞുമോളെ ഇടിച്ച ശേഷം മറ്റൊരു സ്ഥലത്തും ഈ വാഹനം അപകടത്തിൽപ്പട്ടെന്നും വിവപരമുണ്ട്.

അവിടെ നിന്ന് അജ്മൽ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനം മുന്നോട്ടെടുക്കാൻ ഡ്രൈവറെ പ്രേരിപ്പിച്ചത് ഡോ.ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു.

എന്നാൽ നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇവരെ കേസിൽ പ്രതി ചേർക്കുന്നത്.

നിരവധി കേസുകളിൽ പ്രതിയായ അജ്മലിനെ 6 മാസം മുമ്പാണ് ഡോ.ശ്രീക്കുട്ടി പരിചയപ്പെടുന്നത്. ഇത് പിന്നീട് സൗഹൃദമായി വളരുകയായിരുന്നു. കാർ നിർത്തിയിരുന്നുവെങ്കിൽ ഒരുപക്ഷേ കുഞ്ഞുമോളെ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *