വയനാട്: മാനന്തവാടിയിൽ ആഡംബര കാറിൽ കടത്തിക്കൊണ്ട് വന്ന മാജിക് മഷ്‌റൂം എക്സൈസ് പിടികൂടി. സംഭവത്തിൽ ബാംഗ്ലൂർ സ്വദേശിയായ രാഹുൽ റായിയെയാണ്(38) അറസ്റ്റ് ചെയ്തത്. 276 ഗ്രാം സിലോസൈബിൻ, 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ് എന്നിവ ഇയാളുടെ കാറിൽ നിന്നും പിടിച്ചെടുത്തു.
മാജിക് മഷ്റൂം എന്നറിയപ്പെടുന്ന മയക്കുമരുന്ന് കുമിൾ ഇയാൾ ബംഗളൂരുവിൽ സ്വന്തമായി ഉത്പാദിപ്പിച്ച് കച്ചവടം നടത്തിവരികയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യമായി. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസർ ജിനോഷ്.പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ കുമാർ, പ്രിൻസ് റ്റി.ജെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കേരളത്തിൽ ഇത്രയധികം മാജിക് മഷ്റൂം പിടികൂടുന്നത് ആദ്യമായാണ്.
ആഗോള മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി മരുന്നാണ്. സ്വന്തമായി മാജിക് മഷ്റൂം ഫാം ബംഗളൂരുവിൽ നടത്തി വരിക ആയിരുന്നുവെന്ന് പിടിയിലായ രാഹുൽ റായ് എക്‌സൈസിനോട് സമ്മതിച്ചു. ലഹരിക്കടത്തിന് പിന്നിലുളള പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.