Timely news thodupuzha

logo

തെരഞ്ഞെടുപ്പ് ഫലം യഥാസമയം പ്രസിദ്ധപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായി; കോൺഗ്രസ് പരാതി നൽകി

ന്യൂഡൽഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം യഥാസമയം പ്രസിദ്ധപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസ് ഔപചാരികമായി പരാതി നൽകി.

രാവിലെ ഒമ്പതിനും പതിനൊന്നിനും ഇടയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ ലീഡ് നില അപ്ഡേറ്റ് ചെയ്യുന്ന കാര്യത്തിൽ വിശദീകരണമില്ലാത്ത വൈകിക്കൽ ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. ലീഡ് നില വെളിപ്പെടുത്താൻ വൈകിയത് വ്യാജ പ്രചാരണങ്ങൾ നടത്താനും തെറ്റിദ്ധാരണ പരത്താനും കാത്തിരുന്നവർക്ക് സഹായകമായി.

വോട്ടെണ്ണൽ പൂർത്തിയാകാത്ത സ്ഥലങ്ങളിൽ ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുമെന്ന ആശങ്കയാണ് പാർട്ടി നേതാക്കൾ പങ്കുവച്ചിരിക്കുന്നത്.

യഥാർത്ഥ ലീഡ് നില യഥാസമയം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനോട് കോൺഗ്രസ് ആവശ്യപ്പെട്ടു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ആദ്യ ഘട്ടത്തിൽ കോൺഗ്രസിന് ഹരിയാനയിൽ വ്യക്തമായ ലീഡ് ലഭിച്ചിരുന്നു.

എന്നാൽ, ലീഡ് നില അപ്ഡേറ്റ് ചെയ്യാൻ വൈകിയ സമയത്ത് ബിജെപി നാടകീയമായി ലീഡ് നേടുകയും ഭരണം നിലനിർത്താൻ ആവശ്യമായ ഭൂരിപക്ഷം ഉറപ്പിക്കുകയും ചെയ്തതാണ് സംശയത്തിന് ഇടനൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *