Timely news thodupuzha

logo

വയനാട് തുരങ്കപാത; പാരിസ്ഥിതിക അനുമതി കിട്ടിയാൽ നിർമാണം ആരംഭിക്കും

തിരുവനന്തപുരം: വയനാട് തുരങ്കപാതയിൽ നിന്ന് പിൻമാറിയിട്ടില്ലെന്ന് സർക്കാർ നിയമസഭയിൽ. അന്തിമ പാരിസ്ഥിതിക അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ലിൻറോ ജോസഫിൻറെ സബ്മിഷന് മറുപടിയായി പൊതുമരാമത്ത് മന്ത്രിക്ക് വേണ്ടി മന്ത്രി ആർ ബിന്ദു നിയമസഭയിൽ വ്യക്തമാക്കി. പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിനുള്ള അപേക്ഷ നിലവിൽ സ്റ്റേറ്റ് ലെവൽ എക്സ്പെർട്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്.

പദ്ധതിക്ക് 2043.75 കോടി രൂപയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തികാനുമതിയും നൽകിയിട്ടുണ്ട്. ടണൽ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി എഞ്ചിനിയറിം​ഗ്, പ്രൊക്യുർമെൻറ്, ആൻറ് കൺസ്ട്രഷൻ(ഇ.പി.സി) മാതൃകയിൽ ടെണ്ടർ ചെയ്തിട്ടുണ്ട്. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽപാത നിർമാണം രണ്ടാമത്തെ പാക്കേജിലുമാണ്.

പാക്കേജ് ഒന്നിൻറെ ടെണ്ടർ 2024 ജൂലൈ എട്ടിനും പാക്കേജ് രണ്ടിൻറെ ടെണ്ടർ 2024 സെപ്റ്റംബർ നാലിനും തുറന്നിട്ടുണ്ട്. ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർവ്വഹണ ഏജൻസി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. പദ്ധതിക്കായി 17.263 ഹെക്ടർ വനഭൂമി ഏറ്റെടുക്കുന്നതിനായുള്ള വനം വകുപ്പിൻറെ സ്റ്റേജ് – 1 അനുമതി 2023 മാർച്ച് 31 ന് കിട്ടി. സ്റ്റേജ്-2 അനുമതിക്കായി 17.263 ഹെക്ടർ സ്വകാര്യഭൂമി വനഭൂമിയായി പരിപവർത്തനം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

പദ്ധതിക്കായി കോഴിക്കോട് ജില്ലയിലെ 8.0525 ഹെക്ടർ സ്വകാര്യഭൂമിയും വയനാട് ജില്ലയിലെ 8.1225 ഹെക്ടർ സ്വകാര്യഭൂമിയും പൊതുമരാമത്ത് ഏറ്റെടുത്ത് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ കൈമാറി. കോഴിക്കോട് ജില്ലയിൽ 1.8545 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുന്നു. പദ്ധതിക്കായി ആകെ ഏറ്റെടുക്കേണ്ടതിൻറെ 90 ശതമാനം ഭൂമിയും നിലവിൽ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *