Timely news thodupuzha

logo

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ ട്വിറ്ററിനെ പഴിച്ച് ഇന്ത്യ

ന്യൂഡൽഹി: ഏതാനും ദിവസങ്ങൾക്കിടെ ഇന്ത്യൻ എയർലൈൻ കമ്പനികളെ ലക്ഷ്യമിട്ട് നൂറിലധികം വ്യാജ ബോംബ് ഭീഷണികൾ വന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിനെ(ട്വിറ്റർ) പഴിചാരി ഇന്ത്യ.

കുറ്റകൃത്യങ്ങൾക്ക് സഹായം ചെയ്യുന്ന നിലപാടാണ് ട്വിറ്ററിൻറേതെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം കുറ്റപ്പെടുത്തി. എയർലൈൻ കമ്പനികളുടെയും എക്സും മെറ്റയും(ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം) അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും പ്രതിനിധികളുമായി മന്ത്രാലയത്തിലെ ജോയിൻറ് സെക്രട്ടറി സങ്കേത് എസ് ഭോൺഡ്‌വെ ചർച്ച നടത്തി.

ആശങ്ക പരത്തുന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് തടയാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് എക്സ് പ്രതിനിധികളോട് അദ്ദേഹം ആരാഞ്ഞു.

സ്റ്റാൻഡേർഡ് ഓപ്പറേറ്റിം​ഗ് പ്രൊസീജ്യർ പ്രകാരമാണ് ഭീഷണികൾ കൈകാര്യം ചെയ്യുന്നതെന്ന് എയർലൈൻ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഭീഷണി ശ്രദ്ധയിൽപ്പെട്ടാലുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും സുരക്ഷാ പ്രോട്ടോകോളുകൾ പിന്തുടരുകയും ചെയ്യും.

ഇതിൻറെ ഭാഗമായി ചില വിമാനങ്ങൾ ഇടയ്ക്കു വച്ച് നിലത്തിറക്കി പരിശോധന നടത്തുകയും, ചിലത് പരിശോധനയ്ക്കായി യാത്ര വൈകിക്കുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ ഈ പ്രശ്നം കൈകാര്യം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ റാംമോഹൻ വ്യക്തമാക്കിയിരുന്നു.

വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ വിമാന യാത്രാ വിലക്ക് അടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം സാഹചര്യങ്ങൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള നിയമ നിർമാണവും സർക്കാരിൻറെ പരിഗണനയിലാണ്. നിരന്തരം വ്യാജ ഭീഷണികൾ വരുന്നതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോയെന്നും സർക്കാർ പരിശോധിച്ച് വരുന്നു.

Leave a Comment

Your email address will not be published. Required fields are marked *