പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി സരിനെ പുകഴ്ത്തി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. കഴിഞ്ഞ ദിവസം ഡി.സി ബുക്‌സ് പങ്കുവെച്ച ഇ.പി ജയരാജൻറെ ആത്മകഥയിൽ സരിനെതിരെ പരാമർശമുണ്ടായിരുന്നു.
സ്ഥാനം മോഹിച്ച് വരുന്നവർ വയ്യാവേലിയാകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപിയുടെ പ്രതികരണം. സരിൻ പാലക്കാടിന് ലഭിച്ച മികച്ച സ്ഥാനാർത്ഥിയാണെന്നും വിശ്വസിച്ച കോൺഗ്രസിൽ നിന്ന് സരിന് നീതി കിട്ടിയില്ലയെന്നും ഇ.പി പറഞ്ഞു.
സരിൻ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതസമൂഹത്തോട് പ്രതിബദ്ധതയുള്ള ജനസേവനത്തിന് വേണ്ടി ജോലി പോലും രാജി വെച്ചയാളാണ് അദ്ദേഹമെന്നും ഇ.പി പറഞ്ഞു. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ പ്രവണതകളെ മാറ്റി മറിച്ച് ഒരു പുതിയ നാടാക്കി മാറ്റാൻ, പുതിയ പാലക്കാട് സൃഷ്ടിച്ചെടുക്കാൻ സരിന് സാധിക്കും.
സരിൻ എന്നും കർഷകർക്കും തൊഴിലാളികൾക്കും ഒപ്പമാണ്. സ്വന്തം കഴിവ് കൊണ്ട് മുന്നേറിയ ആളാണ് സരിനെന്നും ഇ.പി. ജയരാജൻ ചൂണ്ടിക്കാട്ടി. പാലക്കാട് പിടിച്ചെടുക്കാൻ സരിന് സാധിക്കും. പാലക്കാട് സരിൻ ജയിക്കും. പാലക്കാടിൻറെ സമസ്ത മേഖലയിലും വികസന മുരടിപ്പാണുള്ളതെന്നും ഇ.പി കൂട്ടിച്ചേർത്തു.
വികസനോന്മുഖമായ പാലക്കാടിനായി സരിനാണ് ജയിക്കേണ്ടത്.സരിൻ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ് എന്ന് യുവാക്കളും വിദ്യാർത്ഥികളും സ്ത്രീകളും ആഗ്രഹിക്കുന്നു. ജനസേവനത്തിന് മാതൃകയായി നിൽക്കുന്ന ഒരു ചെറുപ്പക്കാരനാണ് ജനവിധി തേടുന്നത് എന്നും ഇ.പി വ്യക്തമാക്കി. സരിൻ ജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. ഇടതുപക്ഷ രാഷ്ട്രീയമല്ല സ്വീകരിച്ചത് എങ്കിലും ഇടതുപക്ഷ മനസ് ആയിരുന്നു സരിൻറെതെന്നും അദ്ദേഹം പറഞ്ഞു.
പണമുണ്ടാക്കാനുള്ള സാഹചര്യമുള്ള ഉന്നതനായ ഒരു വ്യക്തി അതെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് അപൂർവമാണ് എന്നും അദ്ദേഹം വിശ്വസിച്ച കോൺഗ്രസ് വർഗീയ ശക്തികളുമായും വ്യക്തി താത്പര്യങ്ങൾക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി നിലകൊണ്ടുവെന്നും ഇ.പി കുറ്റപ്പെടുത്തി. എന്നാൽ തൻറെ ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണെന്നും ആർക്കും പ്രസാധന ചുമതല കൊടുത്തിട്ടില്ലയെന്നും ഇ.പി വ്യക്തമാക്കി.
താൻ തന്നെയാണ് ആത്മകഥ എഴുതുന്നത് എന്നാൽ കൈയക്ഷരം മോശമായതിനാൽ ഭാഷാശുദ്ധിയൊക്കെ വരുത്തി പ്രസിദ്ധീകരിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇ.പി പറഞ്ഞു. നിലവിലെ വിവാദത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.