മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. സംശയാസ്പദമായ രീതിയിൽ കണ്ട 3 പേരെയാണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ഇതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
താരം അപകടനില തരണം ചെയ്തു. ന്യൂറോസർജറി കഴിഞ്ഞുവെങ്കിലും, പ്ലാസ്റ്റിക് സർജറി നടന്നുകൊണ്ടിരിക്കുകയാണെന്നും ലീലാവതി ആശുപത്രി ഡോ. നീരജ് ഉത്തമനി പറഞ്ഞു. മോഷണത്തിനെത്തിയ സംഘമാണ് താരത്തെ കുത്തിപരുക്കേൽപ്പിച്ചതെന്നാണ് വിവരം.
ബാന്ദ്രയിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവസമയത്ത് സെയ്ഫ് അലി ഖാൻറെ ഭാര്യ കരീന കപൂറും 2 ആൺമക്കളും വീടിനുള്ളിൽ സുരക്ഷിതരായി തന്നെ ഉണ്ടായിരുന്നു.
എന്നാൽ വീട്ടിൽ ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരനും പരുക്കേറ്റു. രാത്രി ഇവർ ഉറങ്ങിക്കിടക്കുമ്പോൾ സംഘം വീട്ടിൽ അതിക്രമിച്ചു കയറിയതാവാം എന്ന് പൊലീസ് പറയുന്നു.
പിന്നീട് നടനും മോഷ്ടാവും തമ്മിൽ വഴക്കുണ്ടായി. ബഹളം കേട്ട് ആളുകൾ ഉണർന്നതോടെ രക്ഷപ്പെടുന്നതിനായി നടനെ കുത്തിയ ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതാവാമെന്നും പൊലീസ് പറയുന്നു.
സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അന്വേഷണത്തിനായി ഏഴ് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.