പത്തനംതിട്ട: കടമ്പനാട് കല്ലുകുഴിയിൽ വിദ്യാർഥികളുമായി പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു. വാഗമണിലേക്ക് ഉല്ലാസയാത്ര പോയ വിദ്യാർഥി സംഘത്തിൻറെ വാഹനമാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു. കൊല്ലം ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളെജിലെ ബിഎഡ് വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ബസിൽ ഉണ്ടായിരുന്നത്.
രണ്ട് ബസുകളിലായിട്ടാണ് സംഘം യാത്ര തിരിച്ചത്. ഇതിൽ ഒരു ബസാണ് വെള്ളിയാഴ്ച രാവിലെ 6.30 ഓടെ കല്ലുകുഴി ഭാഗത്തുവച്ച് നിയന്ത്രണം വിട്ടുമറിഞ്ഞത്. 51 പേരാണ് മറിഞ്ഞ ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 46 ഓളം പേർക്ക് പരുക്കറ്റതായും എന്നാൽ ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
ഇവരെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ബസ് അമിതവേഗതയാണോ അപകടകാരണമെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.