കോതമംഗലം: കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെൻറ് സഹകരണ സംഘത്തിലെ 3.71 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും സൊസൈറ്റി പ്രസിഡൻറുമായ കെ.എ സിബിയെ അറസ്റ്റ് ചെയ്തു.
ഹൈകോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിലെ വ്യവസ്ഥ പ്രകാരം കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനു മുന്നിൽ സിബി കിഴടങ്ങുകയായിരുന്നു. പിന്നാലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതിനാൽ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
സഹകരണ സംഘത്തിലെ സെക്രട്ടറി ഷൈല കരീം രണ്ടാം പ്രതിയും കുട്ടമ്പുഴ കോൺഗ്രസ് മണ്ഡലം പ്രസിഡൻറും പഞ്ചായത്തംഗവുമായ ജോഷി പൊട്ടയ്ക്കൽ, യൂത്ത് കോൺഗ്രസ്സ് നേതാവും സൊസൈറ്റി ജീവനക്കാരനുമായ ആഷ്ബിൻ ജോസ് ഉൾപ്പെടെ 13 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ചില നിക്ഷേപകർ പൊലീസിനെ സമീപിക്കുകയായിരുന്നു.

കേസിൻറെ വ്യാപ്തി തിരിച്ചറിഞ്ഞതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തട്ടിപ്പുകാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം നടത്തിയ ശക്തമായ പ്രതിഷേധ സമരത്തെ തുടർന്ന്, കോൺഗ്രസ് കോതമംഗലം ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.എ. സിബിയെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു.