Timely news thodupuzha

logo

15ആം കേരള നിയമസഭയുടെ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് ഇന്ന്(ജനുവരി 17) തുടക്കം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുകയെന്ന പ്രത്യേകതയും ഉണ്ട്. മാർച്ച് 28 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 27 ദിവസം സഭ ചേരും.

ഈ മാസം 20 മുതൽ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഫെബ്രുവരി 7ന് ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ഫെബ്രുവരി 14 മുതൽ മാർച്ച് 2 വരെ സഭ ചേരില്ല. നയപ്രഖ്യാപന പ്രസംഗത്തിൽ ഉരുൾ പൊട്ടൽ ദുരന്തമുണ്ടായ വയനാടിൻറെ പുനർനിർമ്മാണത്തിന് മുൻഗണന നൽകും.

വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിൽ കേന്ദ്രത്തിനെതിരെ പ്രസംഗത്തിൽ വിമർശനമുണ്ടാകാൻ സാധ്യതയുണ്ട്. യുജിസിയുടെ കരട് ഭേദഗതിയെയും വിമർശിക്കാനിടയുണ്ട്.

ഉപതെരഞ്ഞെടുപ്പിലൂടെ കടന്നുവന്ന രാഹുൽ മാങ്കൂട്ടത്തിലിൻറെയും യു.ആർ.പ്രദീപിൻറെയും ആദ്യസമ്മേളനം കൂടിയാണിത് എന്നതും പ്രത്യേകതയാണ്.

അതേസമയം രാജിവെച്ച പി.വി. അൻവർ സഭയിലുണ്ടാകില്ല. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന അവസാനത്തെ സമ്പൂപർണ ബജറ്റ് ആയിരിക്കും ഇത്തവണത്തേത്.

വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ പിരിയുന്നതിനു പകരം ഇത്തവണ സമ്പൂപർണ ബജറ്റ് പാസാക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നും വിവരമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *