തൊടുപുഴ: തൊടുപുഴ ബാർ അസോസ്സിയേഷൻ പ്രസിഡന്റും സീനിയർ അഭിഭാഷകനുമായ എം.എം തോമസ്(84) ഓർമ്മയായി. അഞ്ചര പതിറ്റാണ്ടിലേറെ അഭിഭാഷക ജോലി ചെയ്ത തോമസ് സാറിന് ഹൈക്കോടതി ജഡ്ജിമാരുൾപ്പെടെ നൂറ് കണക്കിന് ശിഷ്യരുണ്ട്.
56 വർഷം മുമ്പ് തൊടുപുഴയിലെ പ്രമുഖ അഭിഭാഷകനായ ദേവസ്യ കാപ്പന്റെ ജൂനിയറായാണ് പ്രാക്ടീസ് തുടങ്ങിയത്. തുടങ്ങനാട് മുണ്ടക്കാട്ട് വീട്ടിൽ ജനിച്ച തോമസ് സാറിന്റെ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങനാട് സെന്റ് തോമസ് സ്കൂളിലായിരുന്നു.
തുടർ പഠനം പാലാ സെന്റ് തോമസ് കോളേജ്, മുവാറ്റുപുഴ നിർമ്മല കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ്, ചേർത്തല എസ്.എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു. നിയമ പഠനം എറണാകുളം ലോ കോളേജിലും. പഠനശേഷം സർക്കാർ സർവ്വീസിൽ ഒരു വർഷം ജോലി നോക്കിയിരുന്നു. മുവാറ്റുപുഴ നിർമ്മല കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടാണ് അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞത്.
ആത്മാർത്ഥമായ പ്രവർത്തനവും സത്യസന്ധതയുാണ് അഭിഭാഷകവൃത്തിയുടെ വിജയത്തിന് പ്രധാന കാരണമെന്ന് അദ്ദേഹം പറയുമായിരുന്നു. സാധാരണ കർഷക കുടുംബത്തിൽ 10 മക്കളിൽ എട്ടാമനായി ജനിച്ച തോമസ് സാർ കഠിനാധ്വാനത്തിലൂടെയാണ് അഭിഭാഷകവൃത്തിയിൽ ശ്രദ്ധേയനായത്. ആദ്യകാലത്ത് സിവിൽ കോടതികളിലും ക്രിമിനൽ കോടതികളിലും പോകുമായിരുന്നു.
1980ൽ സർക്കാർ അഭിഭാഷകനായ ശേഷമാണ് സിവിൽ കോടതികളിൽ പ്രവർത്തനം കുറച്ച് ക്രിമിനൽ കേസുകളിൽ ശ്രദ്ധിക്കുകയായിരുന്നു. 200ഓളം ജൂനിയർ അഭിഭാഷകർ ഇദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ചിട്ടുണ്ട്. മുനിസിഫ്, ജില്ലാ ജഡ്ജിമാർ, ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ വിവിധ തലങ്ങളിൽ ശിഷ്യർ വിജയം കൈവരിച്ചിട്ടുണ്ട്.
സംസ്കാര ശുശ്രൂഷകൾ 18/1/2025 ശനി ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ പ്രൊഫ. കൊച്ചുത്ര്യേസ്യാ തോമസ് തൊടുപുഴ നഗരസഭ മുൻ കൗൺസിലറാണ്. (റിട്ട. പ്രൊഫസർ, ന്യൂമാൻ കോളേജ്, തൊടുപുഴ, കുണിഞ്ഞി കണ്ടത്തിങ്കര കുടുംബാംഗം). മക്കൾ: അജയ് തോമസ്(ജനറൽ മാനേജർ, കുവൈറ്റ് ഇന്റർനാഷ്ണൽ ബാങ്ക്), അഡ്വ. അരുൺ തോമസ്, ഡോ. അനീഷ് തോമസ്(വെയിൽസ്).
മരുമക്കൾ: ഗ്രേസ് അജയ്, ചേലിപ്പള്ളിൽ(എറണാകുളം), അനു അരുൺ, ഏറമ്പടത്തിൽ(മുട്ടം), ഡോ. അനു അനീഷ്, തുണ്ടിയിൽ(കുറവിലങ്ങാട്). കൊച്ചുമക്കൾ: തൊമ്മു, അമ്മു, ജോഷ്വാ, ജോയൽ, ജെറോം, അമല, അലക്സ്. തൊടുപുഴ ബാർ അസോസ്സിയേഷൻ പ്രസിഡന്റായി നിലവിൽ പ്രവർത്തിച്ചിരുന്ന അഡ്വ. എം.എം തോമസിന്റെ ഭൗതീകശരീരം മുട്ടം കോടതിയിൽ പൊതു ദർശനത്തിന് വച്ചു.