Timely news thodupuzha

logo

കൊൽക്കത്തയിൽ യുവഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മരണം വരെ തടവും പിഴയും

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവിതാന്ത്യം തടവുശിക്ഷ വിധിച്ച് കോടതി. പ്രതി 50,000 രൂപ പിഴയും ഒടുക്കണം. കോൽക്കത്ത സിൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. അതേസമയം, കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലിൽ തുടരണം. 17 ലക്ഷം രൂപ മമത സർക്കാർ ഡോക്ടറുടെ കുടുംബത്തിനു നൽകണമെന്നും കോടതി അറിയിച്ചു. പ്രതി കുറ്റം ചെയ്തിട്ടില്ലെന്നും തന്നെ കേസിൽ പെടുത്തിയതെന്നും പ്രതി കോടതിയിൽ ഇന്നും ആവർത്തിച്ചത്. എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുക എന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, കേസ് അപൂർവങ്ങൾ അപൂർവമായി കണക്കാക്കണമെന്ന് സിബിഐ അഭിഭാഷകൻ പറഞ്ഞു. രാജ്യത്ത് തന്നെ ഞെട്ടിച്ച കേസുകളിൽ ഒന്നാണിതെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നുമായിരുന്നു സിബിഐ അറിയിച്ചത്. എന്നാൽ പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണമെന്നും വധശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാ​ഗം വാദിച്ചു.

കഴിഞ്ഞ നവംബർ 12 നു തുടങ്ങിയ വിചാരണയിൽ 50 ഓളം സാക്ഷികളെ വിസ്തരിച്ചിരുന്നു. 162 ദിവസത്തിനു ശേഷമാണ് കോടതി വിധി പറയുന്നത്. 2023 ഓഗസ്റ്റിലാണ് ആർ.ജി. കർ മെഡിക്കൽ കോളെജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. അർധരാത്രി ജോലി കഴിഞ്ഞ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വിശ്രമിച്ചിരുന്ന 31 കാരിയായ ഡോക്‌ടറെ ഇവിടുത്തെ സുരക്ഷാ ജീവനക്കാരനായിരുന്ന പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കഴുത്തിൻറെ എല്ലു പൊട്ടിയ നിലയിലായിരുന്നു. ബലാത്സംഗത്തിനു ശേഷം ശ്വാസംമുട്ടിച്ചു യുവതിയെ കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോർട്ട്.

Leave a Comment

Your email address will not be published. Required fields are marked *