കൊല്ലം: കൊല്ലം കെഎസ്ആർടിസിയിൽ നിന്നും അടുത്ത സാമ്പത്തിക വർഷം വിരമിക്കേണ്ടവരുടെ അന്തിമ പട്ടിക പുറത്ത്. ഏപ്രിൽ ഒന്നു മുതൽ മാർച്ച് 26 വരെ വിരമിക്കുന്ന 735 ജീവനക്കാരുടെ പട്ടിക തയാറാക്കി പരിശോധനയ്ക്കായി യൂണിറ്റുകളിലേക്കയച്ചു.
വിരമിക്കുന്ന ജീവനക്കാരിൽ ഓപ്പറേറ്റിങ് വിഭാഗത്തിൽപ്പെട്ട 500 ഓളം ഡ്രൈവർ, കണ്ടക്ടർമാരാണ് പട്ടികയിലുള്ളത്. എടിഒ, ഡിപ്പോ എൻജിനീയർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസിസ്റ്റൻറ് വർക്‌സ് മാനേജർ, ഇൻസ്‌പെക്ടർ, മെക്കാനിക് തുടങ്ങിയ തസ്തികകളിൽ നിന്നും വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് വിരമിക്കുന്നത്. ഓപ്പറേറ്റിങ് വിഭാഗത്തിൽ നിന്നുമാണ് ഏറ്റവുമധികം ആളുകൾ വിരമിക്കുന്നത്.
ഇത് കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ ബാധിക്കും. വർഷാവർഷം കെഎസ്ആർടിസിയിൽ നിന്നും ആളുകൾ വിരമിക്കുന്നതോടെ സ്ഥിരം ജീവനക്കാരുടെ എണ്ണം കുറഞ്ഞു വരികയാണ്.
2016 ൽ 36,000 സ്ഥിരം ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 22,000 ജിവനക്കാർ മാത്രമാണ്. സ്ഥിരം ജീവനക്കാർ വിരമിക്കുന്നതല്ലാതെ പകരം കെഎസ്ആർടിസി പിഎസ്സി മുഖേന സ്ഥിരം ജീവനക്കാരെ നിയമിക്കുന്നില്ല. ബദലി എന്ന പേരിൽ ദിവസവേതനക്കാരെ നിയമിക്കുന്നതാണ് അടുത്ത കാലത്തെ രീതി. ദിവസവേതനമല്ലാതെ യാതൊരുവിധ തൊഴിൽ ആനുകൂല്യങ്ങളും ഇവർക്ക് നല്കുന്നുമില്ല.