ന‍്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രണ്ടര മണികൂർ പിന്നിടുമ്പോൾ ബി.ജെ.പിക്ക് മുന്നേറ്റം. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ബി.ജെ.പിയും എ.എ.പിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്.
എന്നാൽ പിന്നീട് ലീഡ് നില മാറി മറിയുകയും ബി.ജെ.പി ലീഡ് നില നിലനിർത്തുകയായിരുന്നു. എ.എ.പി നേതാക്കളായ മുഖ‍്യമന്ത്രി അതിഷിയും, മനീഷ് സിസോദിയയും വോട്ടെണ്ണലിൻറെ തുടക്കം മുതൽ പിന്നിലാണ്. അതിഷിക്കെതിരേ കൽക്കാജി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയും മുൻ എം.പിയുമായ രമേശ് ബിദൂരിയാണ് മുന്നിട്ട് നിൽകുന്നത്.

യുവ നേതാവ് അൽക്ക ലാംബയാണ് ഇവിടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി. ജംഗ്പുരയിൽ മുൻ ഉപമുഖ‍്യമന്ത്രി മനീഷ് സിസോദിയെ പിന്നിലാക്കി ബി.ജെ.പിയുടെ തർവീന്ദർ സിങ് മർവയാണ് ലീഡ് ചെയ്യുന്നത്. എ.എ.പി വിട്ട് ബിജെപിയിലെത്തിയ കൈലാഷ് ഗെഹലോട്ട് ബിജ്വാസാനിൽ ലീഡ് ചെയ്യുന്നു. അതേസമയം അരവിന്ദ് കെജ്‌രിവാൾ നിലവിൽ 4000 വോട്ടുകൾക്ക് മുന്നിലാണ്. ബിജെപിക്ക് വേണ്ടി പർവേശ് വർമയാണ് കെജ്‌രിവാളിനെതിരേ മത്സരിക്കുന്നത്.