ചേലക്കര: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് എംപി കെ രാധാകൃഷ്ണൻ. ജാതി വിവേചനം ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴകത്തിൽ നിയമിച്ച ഈഴവ യുവാവിനെ തസ്തികയിൽ നിന്ന് താത്കാലികമായി നീക്കം ചെയ്തതിനു പിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പാരമ്പര്യ അവകാശികളെ ഒഴിവാക്കി ഈഴവ യുവാവിനെ കഴകത്തിൽ എടുത്തതിനെതിരേ പ്രതിഷേധം കനത്തിരുന്നു. തന്ത്രിമാർ അടക്കം പൂജകളിൽ നിന്ന് വിട്ടു നിൽക്കുമെന്ന ഘട്ടത്തിലാണ് യുവാവിനെ കഴകത്തിൽ നിന്ന് മറ്റൊരു തസ്തികയിലേക്ക് മാറ്റിയത്.
എന്നാൽ ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നടത്തിയ റിക്രൂട്ട്മെൻറിൽ ഇടപെടാൻ തന്ത്രിക്ക് അധികാരമില്ലെന്ന് കെ രാധാകൃഷ്ണൻ വ്യക്തമാക്കി. മനുവാദ സിദ്ധാന്തത്തെ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. അതിനെ പിന്തുണയ്ക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.