Timely news thodupuzha

logo

ഹൈക്കോടതി ബഹിഷ്കരണം അവസാനിപ്പിച്ച് അഭിഭാഷകർ

കൊച്ചി: അഭിഭാഷകയോട് ഹൈക്കോടതി ജസ്റ്റിസ് മോശമായി പെരുമാറിയ വിഷയത്തിൽ കോടതി ബഹിഷ്കരണം അവസാനിപ്പിച്ച് ഹൈക്കോടതി അഭിഭാഷകർ. ജസ്റ്റിസ് എ ബദറുദ്ദീനെ ഹൈക്കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിചീഫ് ജസ്റ്റിസിന് പരാതി നൽകാനും ഹൈക്കോടതി അസോസിയേഷൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകർ ജസ്റ്റിസിനെതിരേ പരസ്യമായി പ്രതിഷേധിക്കുകയും തുറന്ന കോടതിയിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെട്ടിരുന്നു.

ഇതേ തുടർന്ന് അഭിഭാഷകയുമായി നടത്തിയ ചർച്ചയിൽ ജസ്റ്റിസ് മാപ്പ് പറഞ്ഞു. ചീഫ് ജസ്റ്റിസ്, മുതിർന്ന ജഡ്ജി എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബദറുദ്ദീൻ, മുതിർന്ന അഭിഭാഷകനായ ജോർജ് പൂന്തോട്ടം എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. അസോസിയേഷൻ തീരുമാനത്തെ മറികടന്ന് വിഷയത്തിൽ ഇടപെട്ടതിനെത്തുടർന്ന് അഭിഭാഷകനായ ജോർജ് പൂന്തോട്ടത്തിനെ സംഘടനയിൽ നിന്ന് പുറത്താക്കാനും തീരുമാനമായിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലേതു സമാനമായി കോടതി നടപടികൾ വീഡിയോ റെക്കോഡിങ് ചെയ്യാത്തത് തെറ്റാണെന്നും ഇതു സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ കോടതി നടപടികളിൽ നിന്ന് വിട്ടു നിൽക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി. അസോസിയേഷനെ അറിയിക്കാതെ പിൻവാതിലിലൂടെ ഒത്തുതീർപ്പിന് ശ്രമിച്ചത് തെറ്റാണെന്നും അതിനാൽ ജനറൽ ബോഡി നിർദേശ പ്രകാരം അസോസിയേഷൻ അംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയാണെന്നും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *