തിരുവനന്തപുരം: വേനൽ ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അൾട്രാവയലറ്റ് വികിരണത്തിൻ്റെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട് പുറപ്പെടുവിച്ചതായും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം) എന്നിവിടങ്ങളിലാണ്.
അൾട്രാ വയലറ്റ് സൂചിക 10 ആണ് രേഖപ്പെടുത്തിയത്. ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് നൽകുന്ന ഓറഞ്ച് അലർട്ടാണ് ഇവിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ, ബേപ്പൂർ(7), മാനന്തവാടി(7), ഒല്ലൂർ(7), കൊട്ടാരക്കര(6), ചങ്ങനാശേരി(6), ധർമടം(6) എന്നിവിടങ്ങളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അൾട്രാ വയലറ്റ് സൂചിക 6 മുതൽ 7 വരെയെങ്കിൽ യെലോ അലർട്ടും 8 മുതൽ 10 വരെ ഓറഞ്ച് അലർട്ടും 11ന് മുകളിലെങ്കിൽ റെഡ് അലർട്ടുമാണ് നൽകുക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം.
അതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.






