തിരുവനന്തപുരം: ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ബിജെപി വാർഡ് കൗൺസിലർ അടക്കം 5 പ്രവർത്തകർ അറസ്റ്റിൽ. സംഘപരിവാർ പ്രവർത്തകരായ മഹേഷ്, കൃഷ്ണകുമാർ, ഹരികുമാർ, സൂരജ്, അനൂബ് എന്നിവലരാണ് അറസ്റ്റിലായത്. അന്തരിച്ച പ്രമുഖ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമാ അനാച്ഛാദനത്തിന് നെയ്യാറ്റിൻകരയിലെത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞതിൽ നെയ്യാറ്റിൻകര പൊലീസാണ് സ്വമേധയാ കേസെടുത്തത്.
വിഷയത്തിൽ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് വഴി തടഞ്ഞതിനും തുഷാർ ഗാന്ധിക്കെതിരേ മുദ്രാവാക്യം വിളിച്ചതിനും കേസെടുത്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. രാജ്യത്തിൻറെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു ആർഎസ്എസ് – ബിജെപി പ്രവർത്തകരുടെ പ്രതിഷേധം.
നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാർ ഗാന്ധി മടങ്ങി. എന്നാൽ, സംഭവത്തിനെതിരേ കോൺഗ്രസ്, ഇടത് നേതാക്കളെല്ലാം രംഗത്തെത്തി. കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ഈ ഹീനമായ നടപടിക്ക് കേരളത്തിൻറെ മതേതര മനസ് മാപ്പ് നൽകില്ലെന്ന് കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരൻ പറഞ്ഞു.
ഗോഡ്‌സെയുടെ പ്രേതമാണ് ബിജെപിയെയും ആർഎസ്എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വർഗീയ ശക്തികൾക്ക് കേരളത്തിൻറെ മതേതര മണ്ണിൽ സ്ഥാനമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സംഘപരിവാർ നടപടിക്ക് നീതികരണമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ പറഞ്ഞു. ധിക്കാരവും മാപ്പില്ലാത്ത കുറ്റവുമാണിതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനടക്കം സംഭവത്തിൽ അപലപിടച്ച് രംഗത്തെത്തിയതോടെ തുഷാർ ഗാന്ധിക്കെതിരേ ബിജെപി നേതാക്കളും രംഗത്തെത്തി. ഇത്തരം അഭിപ്രായം പറയേണ്ട വേദി ഇതല്ലായിരുന്നെന്നാണ് ബിജെപി നിലപാട്.