Timely news thodupuzha

logo

നവി മുംബൈയിൽ 29 നില കെട്ടിടത്തിന് മുകളിൽ നിന്ന് 8 വയസുള്ള മകളെ തള്ളിയിട്ട് യുവതിയും താഴേക്ക് ചാടി ജീവനൊടുക്കി

നവി മുംബൈ: പനവേലിൽ 8 വയസുള്ള മകളെ 29ാം നിലയിൽ നിന്നു വലിച്ചെറിഞ്ഞ ശേഷം അമ്മ താഴേയ്ക്കു ചാടി ജീവനൊടുക്കി. മൈഥിലി ദുവാ (37) എന്ന സത്രീയാണ് മരിച്ചത്. ഇവർ കുടുംബവുമായി താമസിച്ചിരുന്ന ഫ്ലാറ്റിലെ 29ാം നിലയിൽ നിന്നാണ് ചാടി ആത്മഹത്യ ചെയ്തത്. അടുത്തിടെ വിഷാദ രോഗത്തിന് യുവതി ചികിത്സ തേടിയിരുന്നതായാണ് വിവരം. ബുധനാഴ്ച രാവിലെ 8:30ന് പൻവേലിലെ പലസ്പെ ഫാറ്റയ്ക്ക് സമീപമുള്ള മാരത്തൺ നെക്സോൺ റെസിഡൻഷ്യൽ ടവറിലാണ് സംഭവം.

യുവതി മകളുമായി മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു. ഈ സമയത്ത് മുറിക്കുള്ളിൽ നിന്ന് കുട്ടി അമ്മയോട് മുറി തുറക്കാൻ ആവശ്യപ്പെട്ട് കരയുന്നത് കേട്ടതോടെ ഭർത്താവ് ആശിഷ് (41) കതക് തുറക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ബാൽക്കണിയിലെത്തിയ ഇവർ മകളെ താഴെയ്ക്ക് തള്ളിയിട്ട ശേഷം കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു.

ഉടനെ ഭർത്താവും ഫ്ലാറ്റിലെ ജീവനക്കാരും ചേർന്ന് ഇരുവരേ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ഭർത്താവിൽ നിന്നുള്ള പീഡനത്തെത്തുടർന്നാണ് മൈഥിലി ജീവനൊടുക്കിയതെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. മൈഥിലി ഏറെക്കാലമായി മാനസിക സമ്മർദം നേരിട്ട് ചികിത്സയിലായിരുന്നതായി ഭർത്താവും പറയുന്നു.

ഇത് തെളിയിക്കുന്ന മെഡിക്കൽ റെക്കോർഡുകൾ ലഭിച്ചിട്ടില്ലെന്ന് പൻവേൽ ഡിവിഷൻ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ (എസിപി) അശോക് രജ്പുത് പറഞ്ഞു. 13 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കുടുംബപ്രശ്നമാണോ മരണത്തിന് കാരണമായതെന്ന് അന്വേഷിക്കുമെന്നും സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *