തിരുവനന്തപുരം: വേനൽച്ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു.
അൾട്രാവയലറ്റ് വികിരണത്തിൻറെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിക്കുന്നതായും ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ്.
അൾട്രാ വയലറ്റ് സൂചിക ഒമ്പതാണ് രേഖപ്പെടുത്തിയത്. മുൻകരുതലുകൾ സ്വീകരിക്കുന്നതിന് നൽകുന്ന ഓറഞ്ച് അലർട്ടാണ് ഇവിടെ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ, ചെങ്ങനാശേരി(9), മൂന്നാർ(8) എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും കൊട്ടാരക്കര(7), കോന്നി(7), ചെങ്ങന്നൂർ(7), പൊന്നാനി(7), തൃത്താല(7), ഒല്ലൂർ(6), കളമശേരി(6), വിളപ്പിൽശാല(6) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അൾട്രാ വയലറ്റ് സൂചിക ആറ് മുതൽ ഏഴ് വരെയെങ്കിൽ യെലോ അലർട്ടും എട്ട് മുതൽ 10 വരെ ഓറഞ്ച് അലർട്ടും 11ന് മുകളിലേങ്കിൽ റെഡ് അലർട്ടുമാണ് നൽകുക.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.